കൊച്ചി: കൊവിഡ് മാർഗരേഖകൾ പാലിച്ച് സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഇടുക്കി പീരുമേട്ടിലാണ് 'വിരുന്ന്' സിനിമയുടെ ചിത്രീകരണം ഇന്നലെ തുടങ്ങിയത്. രണ്ടാമത്തെ സിനിമ 'ഗഗനചാരി'യുടെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭിക്കും.
മലയാളം, തമിഴ് ഭാഷകളിലാണ് വിരുന്നിന്റെ നിർമാണം. ഗഗനചാരിയുടെ ഇൻഡോർ ഷൂട്ടിംഗാണ് നടക്കുക. പൂജയും സ്വിച്ചോൺ കർമവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയിരുന്നു.
സിനിമാസംഘടനകൾ ചേർന്ന് തയ്യാറാക്കിയ മാർഗരേഖ പാലിച്ച് അപേക്ഷ നൽകിയ സിനിമകൾക്കാണ് അടിയന്തരമായി അനുമതി നൽകിയത്. ഷൂട്ടിംഗ് നിറുത്തിവച്ചവർക്കാണ് മുൻഗണന. മറ്റാരും അനുമതിക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് കേരളകൗമുദിയോട് പറഞ്ഞു. അസോസിയേഷനാണ് ഷൂട്ടിംഗിന് അനുമതി നൽകുന്നത്.
മടങ്ങിവരവ് തീരുമാനമായില്ല
തെലങ്കാനയിൽ ഷൂട്ടിംഗിലുള്ള, മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' രണ്ടാഴ്ചയ്ക്കുശേഷം കേരളത്തിലേക്ക് മാറ്റും. കേരളത്തിന് പുറത്ത് നിശ്ചയിച്ച മറ്റ് ആറു സിനിമകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.