fl

കൊച്ചി: കൊവിഡ് മാർഗരേഖകൾ പാലിച്ച് സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഇടുക്കി പീരുമേട്ടിലാണ് 'വി​രുന്ന്' സി​നി​മയുടെ ചി​ത്രീകരണം ഇന്നലെ തുടങ്ങി​യത്. രണ്ടാമത്തെ സിനിമ 'ഗഗനചാരി'​യുടെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭി​ക്കും.

മലയാളം, തമിഴ് ഭാഷകളിലാണ് വിരുന്നി​ന്റെ നിർമാണം. ഗഗനചാരിയുടെ ഇൻഡോർ ഷൂട്ടിംഗാണ് നടക്കുക. പൂജയും സ്വിച്ചോൺ കർമവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയിരുന്നു.

സിനിമാസംഘടനകൾ ചേർന്ന് തയ്യാറാക്കിയ മാർഗരേഖ പാലിച്ച് അപേക്ഷ നൽകിയ സിനിമകൾക്കാണ് അടിയന്തരമായി അനുമതി നൽകിയത്. ഷൂട്ടിംഗ് നിറുത്തിവച്ചവർക്കാണ് മുൻഗണന. മറ്റാരും അനുമതി​ക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജി​ത്ത് കേരളകൗമുദിയോട് പറഞ്ഞു. അസോസിയേഷനാണ് ഷൂട്ടിംഗിന് അനുമതി നൽകുന്നത്.

മടങ്ങിവരവ് തീരുമാനമായില്ല

തെലങ്കാനയിൽ ഷൂട്ടിംഗി​ലുള്ള, മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' രണ്ടാഴ്ചയ്ക്കുശേഷം കേരളത്തിലേക്ക് മാറ്റും. കേരളത്തിന് പുറത്ത് നിശ്ചയിച്ച മറ്റ് ആറു സിനിമകളുടെ കാര്യത്തി​​ൽ തീരുമാനമായി​ട്ടില്ല.