കോലഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി ,യു.പി ,എച്ച്.എസ് വിഭാഗം ക്ലാസുകളിൽ മലയാളഭാഷാപഠന മികവിനായി നടപ്പാക്കിയ മലയാളത്തിളക്കം പ്രവർത്തനങ്ങൾ എ പ്ലസ് നിറവിൽ. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ചെറിയ ശതമാനം കുട്ടികൾക്ക് എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ വിദ്യാഭ്യാസ വകുപ്പ് പരിഹാര പ്രവർത്തനവുമായി 2016 മുതൽ നടപ്പാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. കഴിഞ്ഞ മൂന്ന് വർഷമായി എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയശതമാനത്തിൽ ഉണ്ടായ വർദ്ധനവിൽ മലയാളത്തിളക്കത്തിന്റെ സ്വാധീനം ഏറെയുണ്ടെന്ന് വിദ്യാഭ്യാസ പ്രവർത്തകനായ ഡോ.ടി.പി.കലാധരൻ പറഞ്ഞു. വിദ്യാലയാധിഷ്ഠിത അദ്ധ്യാപക പരിശീലനം, കുട്ടികൾ തിരഞ്ഞെടുക്കുന്ന ആശയങ്ങൾക്കനുസരിച്ചുള്ള പഠനം, വിരസതയില്ലാതെ ഭാഷാപ്രവർത്തനങ്ങളിൽ മുഴുകുന്ന അനുഭവം, കുട്ടികളുമായി തത്സമയം സംവദിച്ച് ആശയങ്ങൾ ഉണ്ടാക്കുന്ന രീതിയുമാണ് മലയാളതിളക്കത്തെ മികവുറ്റതാക്കിയത്. അദ്ധ്യാപക പരിശീലനത്തിൽ തന്നെ വ്യത്യസ്തമായ മാതൃകയും അടിസ്ഥാന ഭാഷാശേഷി എല്ലാവർക്കും ഉറപ്പാക്കാൻ കഴിയുന്ന നൂതന ബോധന രീതിയുമാണിത്. കോലഞ്ചേരി ടീച്ചേഴ്‌സ് ക്ലബ് വികസിപ്പിച്ചെടുത്ത പ്രവർത്തന പാക്കേജാണ് മലയാളത്തിളക്കം പദ്ധതിയായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏ​റ്റെടുത്തത്.