nurse

• തൊഴി​ൽ തട്ടി​പ്പി​നി​രയായ ഗൾഫി​ൽ കുടുങ്ങി​യ നഴ്സുമാർക്ക് ജോലി​ അവസരങ്ങൾ കി​ട്ടി​

കൊച്ചി: കുടുസു മുറിയിലെ ദുരിത ജീവിതം. ആശങ്കയോടെ തള്ളി നിക്കിയ നിമിഷങ്ങൾ. നല്ലൊരു ജീവിതം സ്വപ്നം കണ്ട് ദുബായിലേക്ക് പറന്ന് ഒടുവിൽ ചതിയിപ്പെട്ട ഇരുനൂറിലധികം നഴ്സുമാരുടെ അവസ്ഥ ഏവരുടേയും നെഞ്ചുപൊള്ളിച്ചതാണ്. സംഭവം പുറത്തുവന്ന രണ്ട് മാസം പിന്നിടുമ്പോൾ ആ മാലാഖമാരെയെല്ലാം നെഞ്ചോട് ചേർത്തിരിക്കുകയാണ് അറബ് രാജ്യം. മികച്ച ശമ്പളത്തോടെ വിവിധ സ്ഥാപനങ്ങൾ ജോലി ചെയ്യുകയാണ് ഇന്നവർ. ഇന്ത്യൻ എംബസിയുടെ ഇടപെടലും കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങളുടെ പിന്തുണയുമാണ് ജീവിതം തിരിച്ചു നൽകിയതെന്ന് നഴ്സുമാ‌ർ പറയുന്നു.

500ലധികം ഓഫർ

കൊച്ചിയിലെ ടേക്ക് ഒഫ് എന്ന റിക്രൂട്ടിംഗ് സ്ഥാപനം വഴിയാണ് 200ലധികം നഴ്സുമാർ ദുബായിൽ എത്തിയത്. വിവിധ ആശുപത്രികളിൽ കൊവിഡ് വാക്സിനേഷൻ ജോലിയെന്ന വ്യാജേനെ വിസിറ്റിംഗ് വീസ നൽകി ഇവരെ കബളിപ്പിക്കുകയായിരുന്നു. ജോലി ഇല്ലെന്നും തട്ടിപ്പിന് ഇരയായെന്നും തിരിച്ചറിഞ്ഞ നഴ്സുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. നഴ്സുമാരുടെ ദുരിതം അറിഞ്ഞ് എംബസി വിഷയത്തിൽ ഇടപ്പെട്ടു. പിന്നാലെ നഴ്സുമാരെ തേടി വിവിധ തൊഴിൽദായകരും രംഗത്ത് എത്തി. 500ലധികം തൊഴിൽ അവസരങ്ങളാണ് തങ്ങളെ തേടി എത്തിയതെന്ന് നഴ്സുമാർ പറയുന്നു. ഷാർജ, അബുദാബി,ദുബായ് എന്നിടങ്ങളിലെ ആശുപത്രികളിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇപ്പോൾ എല്ലാവരും ഹാപ്പിയാണെന്നും നഴ്സുമാർ പറഞ്ഞു.

പണംകിട്ടാൻ കാത്തിരിക്കണം

ഒന്നരലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു റിക്രൂട്ടിംഗ് ഏജൻസിയുടെ വാഗ്‌ദാനങ്ങൾ. ഇതിലെല്ലാം മയങ്ങി കിടപ്പാടം പണം വച്ചും ആഭരണങ്ങൾ വിറ്രുമാണ് നഴ്സുമാരിൽ ഭൂരിഭാഗം പേരും 2.5 ലക്ഷം രൂപ സർവീസ് ചാർജായി നൽകിയത്. ദുബായിലെത്തിച്ച ശേഷം റിക്രൂട്ടിംഗ് ഏജൻസിക്കാർ ഒഴിഞ്ഞു മാറുകയായിരുന്നു. മുറിയിൽ പൂട്ടിയിട്ടും മറ്റ് ജോലികൾ ചെയ്യാൻ നി‌ർബന്ധിക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ ഇതിൽ ചില‌ർ നാട്ടിലേക്ക് മടങ്ങി. മറ്റ് മാ‌ർഗമില്ലാതെ പിടിച്ചു നിന്നവ‌‌ർക്കാണ് ജോലി ലഭിച്ചത്. അതേസമയം നഴ്സുമാർക്ക് പണം തിരികെ കിട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. നിലവിൽ മുഖ്യപ്രതി ഫിറോസ് ഖാനും കൂട്ടാളികളും അറസ്റ്രിലായെങ്കിലും കുറ്രപത്രം നൽകിയിട്ടില്ല. വിചാരണ വേളയിൽ കോടതി ഉചിതമായ നടപടി സ്വീകരിക്കുകയാണ് ചെയ്യുക. ഇതിനിടെ ഒത്തുതീർപ്പിനും സാദ്ധ്യതയുണ്ട്.