ആലുവ: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന സ്വകാര്യപരീക്ഷാ സെന്ററിനെതിരെ പ്രതിഷേധമുയർന്നിട്ടും നടപടിയില്ല. കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കുട്ടമശേരി - കീഴ്മാട് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
ജനകീയ പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ടില്ലെങ്കിലും സ്ഥാപനത്തിന് സ്റ്റോപ്പ്മെമ്മോ നൽകാൻ മടിക്കുകയാണ്. 2000 പേർ ഒപ്പിട്ട ഭീമഹർജി നൽകിയപ്പോൾ സെക്രട്ടറിയാണ് സ്റ്റോപ്പ്മെമ്മോ നൽകേണ്ടതെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കാത്തതാണ് നടപടി വൈകാൻ കാരണമെന്ന് സെക്രട്ടറിയും പറയുന്നു.
പാർക്കിംഗ് ഏരിയില്ലാത്തത് മുഖ്യപ്രശ്നം
പ്രമുഖ സ്ഥാപനങ്ങളുടെ പരീക്ഷകൾ നടത്തുന്നതിനുള്ള സെന്ററാണിത്. ബഹുനില കെട്ടിടമാണെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരീക്ഷയെഴുതാൻ കുട്ടികളുമായി വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. പരീക്ഷാർത്ഥികൾക്കൊപ്പം വരുന്നവർക്ക് വിശ്രമിക്കാനും ഇടമില്ല. നേരത്തെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം വാടകക്കെടുത്ത് പേ ആൻഡ് പാർക്ക് ആരംഭിച്ചിരുന്നെങ്കിലും ഇതൊന്നും ഫലമുണ്ടായില്ല. കൊവിഡിന് ശമനമുണ്ടായപ്പോൾ വീണ്ടും പരീക്ഷകൾ ആരംഭിച്ചതോടെയാണ് ജനജീവിതം ദുരിതപൂർണമായത്. കീഴ്മാട് സർക്കുലർ ബസ് സർവീസ് നടത്തുന്ന റോഡിലാണ് ഗതാഗതക്കുരുക്ക്. കുരുക്കിൽപ്പെടാതിരിക്കാൻ മലയൻകാട്, മാടപ്പിള്ളിത്താഴം, തോട്ടുമുഖം വഴി നാട്ടുകാർ ആലുവയിലേക്ക് വരുന്നത് സമയനഷ്ടവും സാമ്പത്തീക നഷ്ടവും ഉണ്ടാക്കുകയാണ്.
യൂത്ത് കോൺഗ്രസ് പ്രതിഷേധം
ജനജീവിതം ദുസഹമാക്കുന്ന സ്വകാര്യ പരീക്ഷാ സെന്ററിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കീഴ്മാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയ സമരക്കാർ സെക്രട്ടറി നീതിപൂർവം ഇടപെടാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ ഭരണസമിതിക്കെതിരെ പ്രതിഷേധിച്ച് മടങ്ങുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ, കെ.ബി നിജാസ്, മുഹമ്മദ് താഹിർ, സൽമാൻ എടയപ്പുറം, പരീദ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.