11
തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ 430 വിദ്യാർത്ഥികൾക്ക് ടാബുകൾ വിതരണം ചെയ്യുന്ന പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ 430 വിദ്യാർഥികൾക്ക് ടാബുകൾ വിതരണം ചെയ്യുന്ന പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അദ്ധ്യയന വർഷത്തെ ഓൺലൈൻ വിദ്യാഭ്യാസരീതി നിരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മകൾ ഈ അദ്ധ്യയന വർഷവും തുടരുകയാണ്. ന്യൂനതകൾ കണ്ടെത്തി പരിഹരിക്കണം. ചെയർപേഴ്സൻ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.

പി.ടി.തോമസ് എം.എൽ.എ, വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, എം.കെ.ചന്ദ്രബാബു, റാഷിദ് ഉള്ളംപിള്ളി, സ്മിത സണ്ണി, സോമി റെജി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.

53 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഇ ‍‍ടെൻഡറിലൂടെ ടാബുകൾ വാങ്ങിയത്. നഗരസഭയിലെ വാർഡുകളിൽ നിന്നു 10 വീതം വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് ടാബുകൾ നൽകുന്നത്. സ്പോൺസർമാരില്ലാതെ സ്വന്തം ഫണ്ട് വിനിയോഗിച്ചു ഇത്രയും വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണം സൗജന്യമായി നൽകുന്ന ആദ്യത്തെ നഗരസഭയാണ് തൃക്കാക്കര. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതു ലഭ്യമാക്കാൻ ടാബ്, മൊബൈൽ ചാലഞ്ചിനും നഗരസഭ തുടക്കംകുറിച്ചു.