കൊച്ചി: ഭക്ഷ്യവകുപ്പ് അനുവദിച്ച പൊതുമാപ്പ് കാലാവധിക്കുള്ളിൽ ജില്ലയിൽ 11000 അനർഹർ റേഷൻ കാർഡിലെ മുൻഗണനാവിഭാഗത്തിൽ നിന്ന് സ്വയം പുറത്തുചാടി. ഭക്ഷ്യവകുപ്പിന്റെ നിരന്തരമായ മുന്നറിയിപ്പുകൊണ്ടാണ് ഇത്രയേറെ ആളുകൾ വൈകിയാണെങ്കിലും കാർഡ് തിരുത്താൻ സന്നദ്ധരായത്. പലതവണ നീട്ടിവച്ച പൊതുമാപ്പ് കാലാവധി കഴിഞ്ഞ 15ന് അവസാനിച്ചു.
ഇനിയും ഇത്തരത്തിലുള്ള അനധികൃതർ ചിലസ്ഥലങ്ങളിൽ പതുങ്ങിയിരിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ നിഗമനം. അവരെ പിടികൂടാൻ വകുപ്പുതന്നെ നേരിട്ടിറങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. സ്പെഷ്യൽ കിറ്റ് വിതരണം ഉൾപ്പെടെ ഓണക്കാലത്തെ തിരക്ക് കഴിഞ്ഞാലുടൻ ഓരോ റേഷൻകടകളിലേയും കാർഡുകൾ സംബന്ധിച്ച് കൃത്യമായ പരിശോധന ഉണ്ടാകും.
ബി.പി.എൽ കാർഡിന് കാത്തിരിക്കുന്നത് 11000 അപേക്ഷകർ
അനധികൃതമായി ആനുകൂല്യം പറ്റിയവർ സർക്കാരിനെ മാത്രമല്ല, പാവപ്പെട്ടവരെയും വഞ്ചിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പൂർണമായും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 11000 അപേക്ഷകർ ബി.പി.എൽ പട്ടികയിൽ ഇടംതേടി ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. നിലവിലെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ 1:1 എന്നതാണ് അനധികൃതരും അർഹരും തമ്മിലുള്ള അനുപാതം. അതായത് ഒരു അനർഹൻ സ്വയം മാറിക്കൊടുത്താൽ അവിടെ ഒരു പാവപ്പെട്ട കുടുംബത്തിന് അവസരം ലഭിക്കുമെന്ന അവസ്ഥ. അനർഹർ സ്വയം കീഴടങ്ങിയ സ്ഥലങ്ങളിൽ പാവപ്പെട്ട 5000 കാർഡ് ഉടമകളെ പുതുതായി ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്താനുമായിട്ടുണ്ട്. ബാക്കിയുള്ളവരുടെ അപേക്ഷ വകുപ്പിന്റെ പരിഗണനയിലാണ്.
കാത്തിരിക്കുന്നത് കനത്തപിഴ
അതേമയം പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും കാർഡ് സറണ്ടർ ചെയ്യാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴയായിരിക്കുമെന്നും ജില്ല സപ്ലൈ ഓഫീസർ ഓർമപ്പെടുത്തി.