കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലായി. ആഗസ്റ്റ് ഒന്നു മുതൽ കാർഡുടമകൾക്ക് കിറ്റ് ലഭ്യമാകും. 8,81,834 കിറ്റുകളാണ് ജില്ലയിൽ തയാറാക്കുന്നത്. കാർഡുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും.
സപ്ലൈകോയുടെ കൊച്ചി, എറണാകുളം, പറവൂർ ,പെരുമ്പാവൂർ, മുവാറ്റുപുഴ ഡിപ്പോകൾക്കു കീഴിലാണ് പാക്കിംഗ് പുരോഗമിക്കുന്നത്.
എറണാകുളം ഡിപ്പോയ്ക്കു കീഴിൽമാത്രം 24 പാക്കിംഗ് സെന്ററുകളുണ്ട്. മറ്റ് ഡിപ്പോകൾക്കുകീഴിലുമുള്ള 20 ലധികം പാക്കിംഗ് സെന്ററുകളിലും കിറ്റ് തയ്യാറാക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ഇവ റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങളും തയാറായി. പഞ്ചസാര, പയർ വർഗങ്ങൾ, പരിപ്പ് തുടങ്ങിയവയാണ് പാക്കറ്റുകളിൽ നിറക്കാനുള്ളത്. വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവയെല്ലാം വിതരണക്കാർ തന്നെ പാക്കറ്റുകളിലാക്കിയാണ് ഡിപ്പോകളിൽ എത്തിക്കുന്നത്.
വിതരണക്രമം
മുൻഗണനാക്രമമനുസരിച്ചായിരിക്കും കിറ്റ് വിതരണം . അന്ത്യോദയ അന്നയോജന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ കാർഡുടമകൾക്ക് ആദ്യഘട്ടത്തിലും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കളർ കാർഡുടമകൾക്ക് രണ്ടാം ഘട്ടത്തിലും മുൻഗണനേതര സബ്‌സിഡി വിഭാഗത്തിലെ നീല കാർഡുടമകൾക്ക് മൂന്നാം ഘട്ടത്തിലും മുൻഗണനേതര നോൺ സബ്‌സിഡി വിഭാഗത്തിലെ വെള്ള കാർഡുടമകൾക്ക് നാലാം ഘട്ടത്തിലും കിറ്റുകൾ വിതരണം ചെയ്യും.
കിറ്റിലുള്ളത്
പഞ്ചസാര , വെളിച്ചെണ്ണ , ചെറുപയർ, തുവര പരിപ്പ്, തേയില, മുളക് പൊടി, ശബരി പൊടി ഉപ്പ്, മഞ്ഞൾ , സേമിയ അല്ലെങ്കിൽ പാലട അല്ലെങ്കിൽ ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ, ഒരു കിലോ ആട്ട, ശബരി ബാത്ത് സോപ്പ്.