വൈപ്പിൻ: ഡി.വൈ.എഫ്.ഐ നായമ്പലം മേഖലാ കമ്മിറ്റിയുടെയും നായരമ്പലം സഹകരണ ബാങ്കിന്റെയും നേതൃത്യത്തിൽ നടന്നുവരുന്ന ഹെൽപ്പ് ഡെസ്‌കിന്റെ കിഴിലുള്ള കൊവിഡ് എമർജൻസി വാഹനത്തിൽ കൊവിഡ് രോഗിയെ സി.എഫ്.എൽ.ടി.സിയിലേക്ക് കൊണ്ടുപോകാനായി നായരമ്പലം തേങ്ങാത്തറ ഭാഗത്തുചെന്ന വാഹനം ഞാറക്കൽ എ.എസ്.ഐ തടഞ്ഞിട്ടതായി ആക്ഷേപം. കൊണ്ടുപോകേണ്ട രോഗിയുടെ പേരും വിലാസവും നൽകണമെന്നായിരുന്നു ആവശ്യം. രോഗിയുടെ പേരറിയില്ലെന്നും ഫോൺനമ്പറുണ്ടെന്നും സ്ഥലം പറഞ്ഞുതരികയാണ് ചെയ്തിട്ടുള്ളതെന്നും ഡ്രൈവർ പറഞ്ഞെങ്കിലും എ.എസ്.ഐ സമ്മതിച്ചില്ലെന്നാണ് പരാതി. വാഹനം കിടക്കുന്നിടത്തേക്ക് പി.പി.ഇ കിറ്റ് ധരിച്ചു കൊവിഡ് രോഗി നടന്നുവരേണ്ട സ്ഥിതി ഉണ്ടായെന്നും പറയുന്നു. സിവിൽ ഡ്രസിലായിരുന്നു ഉദ്യോഗസ്ഥൻ. ഡി.വൈ.എഫ്.ഐ നേതാക്കളായ എം.പി. ശ്യാംകുമാർ, കെ.യു.അഖിൽ, റോക്‌സൻ സെബാസ്റ്റ്യൻ, പി.എം. സെബിൻ എന്നിവർ പൊലീസുദ്യോഗസ്ഥനെതിരെ ഞാറക്കൽ സി.ഐക്ക് പരാതി നൽകി.