കൊച്ചി: അതിനൂതനവും അതിവേഗം പരിശോധനാഫലം ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ ആർ.ടി ലാംപ് കൊവിഡ് ടെസ്റ്റിംഗിനുള്ള എൻ.എ.ബി.എൽ അംഗീകാരം എറണാകുളം ലൂർദ് ആശുപത്രി നേടി. മേയർ അഡ്വ.എം. അനിൽകുമാറിൽനിന്ന് പാത്തോളജി വിഭാഗം മേധാവി ഡോ. പ്രിയ മറിയം കുരുവിളയും മൈക്രോബയോളജിസ്റ്റ് ഡോ. രഞ്ജിനി ജോസഫും ചേർന്ന് അംഗീകാരപത്രം ഏറ്റുവാങ്ങി. ആർ.ടി.പി.സി.ആർ ടെസ്റ്റിംഗിനെക്കാൾ കൃത്യതയുള്ളതാണ് ആർ.ടി ലാംപ് പരിശോധന. മിസ്പ ലൂം എന്ന ഉപകരണവും ലൂംസ്ക്രീൻ എന്ന കിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരേസമയം 16 സാംപിളുകൾ പരിശോധിക്കാം. കുറഞ്ഞ സമയത്തിനിടെ കൂടുതൽ സാമ്പിളുകൾ പരിശോധിക്കാവുന്നതിനാൽ വേഗത്തിൽ ഫലം ലഭിക്കും. ലൂർദിൽ കൊവിഡ് ചികിത്സ തേടിയവരെ പരിചരിച്ച ഡോക്ടർമാരെയും ചടങ്ങിൽ ആദരിച്ചു. ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ജോർജ്‌ സെക്യുര എന്നിവർ പ്രസംഗിച്ചു.