chekdam
റാക്കാട് തടയണ' അഥവാ 'ചെക്ക് ഡാമിൽ മാലിന്യം തടഞ്ഞ് നിൽക്കുന്ന ദൃശ്യം

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ റാക്കാടിനെയും മാറാടി പഞ്ചായത്തിലെ കായനാടിനെയും ബന്ധിപ്പിക്കുന്ന 'തടയണ' അഥവാ 'ചെക്ക്ഡാമിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. മൂവാറ്റുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലലഭ്യതയ്ക്കും വേനൽക്കാലങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി നിർമ്മിക്കേണ്ടിവന്നതാണ് ഈ ചെക്ക് ഡാം. ഇതിന്റെ നിർമ്മാണശേഷം ഇതേവരെ മൂവാറ്റുപുഴയാറിലെ ത്രിവേണീസംഗമം മുതൽ ചെക്ക് ഡാം വരെയുള്ള ഭാഗത്ത് അടിയൊഴുക്ക് നഷ്ടപ്പെട്ട് മാലിന്യക്കുളമായി മാറിയിരിക്കുന്നു.

 ചെക്ക്ഡാം വൃത്തിഹീനം

മാലിന്യരഹിതമായ മണൽനിറഞ്ഞ അടിത്തട്ടോടെ സുന്ദരമായിരുന്നതും നിരവധി ജനങ്ങൾ നിത്യേന ഉപയോഗിച്ചുവന്നിരുന്നതുമായിരുന്നു മൂവാറ്റുപുഴയാർ. എന്നാൽ ആറിന്റെ സൈഡുകളിൽ ഏതാണ്ട് എല്ലാ കടവുകളും എക്കലടിഞ്ഞ് വൃത്തിഹീനമായി കാട് കയറിയ നിലയിലാണ്. ത്രിവേണീസംഗമത്തിലെത്തുന്ന മൂന്നുനദികളിലേയും മുഴുവൻ മാലിന്യവും ഇൗ ചെക്ക്ഡാം തടഞ്ഞുനിർത്തപ്പെടുകയാണിപ്പോൾ. ഏത് നിമിഷവും പടർന്നുപിടിക്കുവാൻ സാദ്ധ്യതയുള്ള ജലജന്യ മഹാവ്യാഥികളുടെ 'അണ'യാണ് ഇവിടെ കെട്ടിനിർത്തപ്പെട്ടിരിക്കുന്നത്. ചെക്ക് ഡാം നിർമ്മാണത്തിന് ചുക്കാൻപിടിച്ച ഉദ്യോഗസ്ഥ - ഭരണസംവിധാനത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും കഴിവുകേടും മാത്രമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.

 വേണം ഷട്ടർ സംവിധാനത്തോടെയുള്ള ചെക്ക്ഡാം

മഴക്കാലത്തും അവശ്യഘട്ടങ്ങളിലും തുറന്നുവിടുവാൻ കഴിയുന്ന വിധത്തിലുള്ള ഷട്ടർ സംവിധാനത്തോടുകൂടിയ ചെക്ക് ഡാം' പുന:ർനിർമ്മിക്കണമെന്നാണ് ആവശ്യം. കുടിവെള്ളം പമ്പ് ചെയ്തെടുക്കുന്ന കിണറിൽ ജലദൗർലഭ്യം ഉണ്ടാകാറില്ലാത്ത മഴക്കാലത്ത് നദിയുടെ സ്വാഭാവിക അടിയൊഴുക്കിന് തടസങ്ങൾ ഉണ്ടാകാത്തവിധം, ഷട്ടറുകൾ തുറന്നിടുവാൻ കഴിയണം. കാലവർഷം അവസാനിക്കുന്ന മുറക്ക് ഷട്ടറുകൾ താഴ്ത്തി കുടിവെള്ളം പമ്പുചെയ്യുന്ന കിണറിലേയ്ക്ക് വേനൽക്കാല ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യണം.

 പ്രശ്നം പരിഹരിക്കണം

എം.പി , എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ജില്ലാ ഭരണ സംവിധാനത്തെയും പ്രാദേശിക ഭരണ സംവിധാനങ്ങളെയും കോർത്തിണക്കി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഗൗരവമായ ഈ വിഷയം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ പ്രമോദ് മംഗലത്ത് ആവശ്യപ്പെട്ടു.

'