ananya-kumari
അനന്യ കുമാരി

കൊച്ചി/കളമശേരി: കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളിയിലെ ഫ്ലാറ്രിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നെന്നും ഇതിന്റെ മനോവിഷമമാണ് ആത്മത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യ ഏറെനാളായി കൊച്ചിയിലെ ഫ്ലാറ്റിലായിരുന്നു താമസം.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രി​ക സമർപ്പിച്ചതോടെയാണ് അനന്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന പദവിയും അനന്യയെ തേടിയെത്തി. ഏവരെയും ഞെട്ടിച്ച് പത്രിക പിൻവലി​ച്ച അനന്യ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കെതിരെ കടുത്ത ആരോപണവുമായാണ് പിന്നീട് രംഗത്തെത്തിയത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു.

മേക്കപ്പ് ആർട്ടിസ്റ്റ്, അവതാരക എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും. ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.