നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയരക്ടറായി എസ്. സുഹാസ് തുടർന്നേക്കും. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ സജീവമായ ചർച്ചകൾ നടക്കുന്നതായാണ് വിവരം. നേരത്തെ ഡി.ജി.പി സ്ഥാനത്ത് നിന്നും വിരമിച്ച ലോക് നാഥ ബഹറയെ എം.ഡി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
എറണാകുളം ജില്ലാ കലക്ടറായിരുന്ന സുഹാസിന് ഇപ്പോൾ കേരള റോഡ്‌സ് ആൻറ് ബ്രിഡ്ജസ് ഡവലപ്‌മെൻറ് കോർപറേഷന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. സിയാൽ എം.ഡിയായിരുന്ന വി.ജെ കുര്യൻ വിരമിച്ചതിനെ തുടർന്ന് കലക്ടറുടെ ചുമതല വഹിക്കുമ്പോൾ തന്നെയാണ് സുഹാസിന് സിയാൽ എം.ഡിയുടെ താൽക്കാലിക ചുമതല കൂടി നൽകിയത്. ഇത് തുടരാനാണ് ഇപ്പോഴത്തെ നിലയിൽ സാധ്യത. ലോക്‌നാഥ് ബഹ്രയെ എം.ഡിയാക്കുന്നതിൽ സി.പി.എം നേതൃത്വത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നതിനാൽ ഉപേക്ഷിച്ചതായാണ് വിവരം.
ബഹ്റ ഡി.ജി.പി സ്ഥാനം ഒഴിയുന്നതിനെ തുടർന്ന് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചതെന്ന വിമർശനമാണ് വിനയായത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അടക്കം ഇത് പിണറായി സർക്കാരിനെ അടിക്കാനുള്ള വടിയാക്കി. അടുത്തിടെ ഇടതുപക്ഷത്തോട് അനുഭാവം പുലർത്തി വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ അകലാനും ഇത് ഇടയാക്കുമെന്ന വിലയിരുത്തലാണ് സുഹാസിനെ സിയാൽ എം.ഡിയായി നിലനിർത്താൻ സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫിലെ മറ്റ് കക്ഷികൾക്കും അനുകൂല നിലപാടാണ് ഉള്ളതെന്നാണ് സൂചന.
ജില്ലാ കലക്ടറുടെ ചുമതല വഹിച്ചുകൊണ്ട് ഏറ്റവും പ്രതിസന്ധി നിറഞ്ഞ കഴിഞ്ഞ മൂന്ന് വർഷം എറണാകുളം ജില്ലയെ ശക്തവും വ്യക്തവുമായ ആസൂത്രണത്തിലൂടെ മുന്നോട്ടു നയിച്ച സുഹാസിന്റെ ഭരണ പാടവം സിയാലിന്റെ വളർച്ചയ്ക്കും മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം.ഡിയായി താൽക്കാലിക ചുമതല വഹിക്കുമ്പോൾ തന്നെ സിയാലിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.