കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനു കീഴിലുള്ള ശാഖഭാരവാഹികളുടെ ഓൺലൈൻ 'ഉണർവ് നേതൃയോഗം' യൂണിയൻ ചെയർമാൻ കെ.കെ കർണ്ണന്റെ അദ്ധ്യക്ഷതയിൽ മൂന്നു മേഖലകളായി തിരിഞ്ഞ് നടന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ അദ്ധ്യക്ഷൻ പ്രകാശാനന്ദ സ്വാമികൾക്ക് യോഗം പ്രണാമമർപ്പിച്ചു. ശാഖകൾ ഇക്കാലയളവിൽ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ ശാഖാ നേതാക്കന്മാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
കൊവിഡ് മഹാമാരിയടക്കമുള്ള പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിലും കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ശാഖാ നേതാക്കന്മാർ മുക്തകണ്ഠം പ്രശംസിച്ചു. കാലഘട്ടത്തിനനുസൃതമായി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ നേതൃയോഗം നടത്തിയത് അഭിനന്ദനാർഹമാണെന്ന് ശാഖ നേതാക്കൾ പറഞ്ഞു. യൂണിയൻ കൺവീനർ സജിത്ത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു,യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.