animal

കൊച്ചി: മൃഗസംരക്ഷണ മേഖലയിലേക്കും കുടുംബശ്രീ. ഈ സാമ്പത്തിക വ‌ർഷം മുതൽ മൃഗസംരക്ഷണത്തിനായി സി.ഡി.എസ് വഴി 4 ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലുള്ള സംരംഭം മെച്ചപ്പെടുത്താനും വായ്പ കിട്ടും. മുട്ടക്കോഴി, കാട, താറാവ്, പശു, പോത്ത്, ആട്, പന്നി തുടങ്ങിയവ വളർത്താനാണ് വായ്പ.

കുടുംബശ്രീയിൽ അംഗത്വമെടുത്ത് 6 മാസമെങ്കിലും പൂർത്തിയായവ‌ർക്കാണ് സഹായം ലഭിക്കുക. പരിശീലനവും നൽകും. 49 കോടി രൂപയുടെ കുടുംബശ്രീ പദ്ധതിയാണിത്. വായ്പയുടെ മൂന്നിൽ ഒന്ന് സബ്സിഡിയാണ്.

ഒരു സി.ഡി.എസിന് 3 ലക്ഷം രൂപ വരെ ലഭിക്കും. ഒരു അയൽക്കൂട്ടത്തിന് 10000 രൂപ മുതൽ 30000 രൂപ വരെയാണ് അർഹത.

ഇടത്തരം സംരംഭങ്ങൾ

കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വൈവിദ്ധ്യവൽക്കരണം, ബ്രാൻഡിംഗ്, വിപണി ലൈസൻസിംഗ്, എന്നിവയ്ക്കു കൂടുതൽ പ്രാധാന്യം നൽകി കുടുംബശ്രീയുടെ 100 യൂണിറ്റുകൾ ഈ വർഷം തുടങ്ങും. ഓരോ ജില്ലയിലും ഏഴ് യൂണിറ്റുകളെങ്കിലും ഉണ്ടാകും. 10000 രൂപ മാസവരുമാനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. പൊടിമിൽ തുടങ്ങിയ സംരംഭങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

ചെറുകിട സംരംഭങ്ങൾ

ചെറുകിട കർഷകരെയും ചെറുകിട മൂല്യവർദ്ധിത സംരംഭങ്ങളായ അച്ചാർ, ചിപ്സ് നി‌ർമ്മാണ യൂണിറ്റുകൾ തുടങ്ങിയവയെ സഹായിക്കുകയാണ് ലക്ഷ്യം. സംരംഭങ്ങൾക്ക് 50000 രൂപവരെയും വ്യക്തികൾക്ക് 10000 രൂപവരെയും സബ്സിഡി നൽകും.

വീടുകളോട് ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്ത്രീകൾ കൂടുതൽ ചെയ്യാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.

എസ്.രതീഷ്, സംസ്ഥാന അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസർ, മൃഗസംരക്ഷണം