കൊച്ചി: നാട്ടുകാരുടെ പരാതിയിൽ ഹൈക്കോടതി ഇടപെട്ടു, വളന്തക്കാട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ജില്ലാ മെഡിക്കൽ ഒാഫീസർ ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകി. എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 42 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ആരോഗ്യ ഉപകേന്ദ്രം കഴിഞ്ഞവർഷം ജൂണിൽ അന്നത്തെ എം.എൽ.എ എം. സ്വരാജ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം പുനരാരംഭിച്ചില്ല. അന്നത്തെ ആരോഗ്യമന്ത്രിക്കുൾപ്പെടെ പലതവണ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെത്തുടർന്ന് ഇവിടത്തെ മോസ്ക് റോഡ് റെസിഡന്റ്സ് അസോസിയേഷൻ അഡ്വ. കെ.എ. അനീഷ് മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മരട് നഗരസഭയിലെ വളന്തക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ഇൗ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന്റെ പരിധിയിൽ അയ്യായിരത്തോളം ആളുകളാണ് പാർക്കുന്നത്. ഇവർക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന വിധം ഉപകേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. ആദ്യമൊക്കെ ആഴ്ചയിൽ രണ്ടു ദിവസം മാത്രമായിരുന്നു ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭിച്ചിരുന്നത്. പിന്നീട് എല്ലാ ദിവസവും ഡോക്ടർ എത്തിയിരുന്നു. ഉപകേന്ദ്രത്തിന്റെ നവീകരണം നടത്തി ഉദ്ഘാടനം കഴിഞ്ഞശേഷം ഡോക്ടറുടെ സേവനം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഡോക്ടറുടെ പേര് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ഫലകത്തിൽ ആദ്യം ചേർത്തിരുന്നില്ല. തുടർന്നുള്ള തർക്കങ്ങളാണ് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.