malinyam
കോരൻ കടവ് പാലത്തിന് സമീപം തള്ളിയ മാലിന്യം

നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ കോരൻകടവ് പാലത്തിന് സമീപം മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പഞ്ചായത്ത് അധികൃതർ പിഴയടപ്പിച്ചു. ഇവരെക്കൊണ്ട് തന്നെ മാലിന്യവും നീക്കം ചെയ്യിച്ചു. പഞ്ചായത്ത് അധികൃതരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തിയത്.

കഴിഞ്ഞ കുറേ നാളുകളായി അത്താണി മാഞ്ഞാലി റോഡിലെ കോരൻകടവ് ഭാഗത്ത് അടക്കം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായിരുന്നു. രാത്രി കാലങ്ങളിലാണ് മാലിന്യം കൊണ്ടുവന്നിടുന്നത്. ഇതിനാൽ കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് മാലിന്യം നീക്കംചെയ്ത് ശുചിയാക്കിയിട്ടിരുന്ന കോരൻകടവ് ഭാഗത്ത് കഴിഞ്ഞദിവസം വീണ്ടും വ്യാപകമായി മാലിന്യനിക്ഷേപം നടത്തിയത്. ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതരും പൊലീസും വിശദമായ അന്വേഷണം നടത്തുകയായിരുന്നു.