കോതമംഗലം: ഗതാഗതയോഗ്യമല്ലാതെ ചെളിക്കുളമായി കിടക്കുകയാണ് നേര്യമംഗലം തലക്കൽ ചന്തു ഗ്രാമത്തിലേക്കുള്ള പ്രധാനപാത. നിരവധി ആദിവാസികൾ താമസിക്കുന്ന ഈ കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലധികമായി. ഇവിടത്തുകാർക്ക് ദുരിത യാത്രയാണ് ഈ വഴി സമ്മാനിക്കുന്നത്. റോഡ് തകർന്നുകിടക്കുന്നതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ നേര്യമംഗലം ടൗണിൽനിന്ന് ഓട്ടോവിളിച്ചാൽപോലും വരാത്ത അവസ്ഥയാണ്. അധികാരികളുടെ അടുത്ത് പലതവണ പരാതിപ്പെട്ടിട്ടും തുടർനടപടിയില്ലെന്ന് മലവർഗ മഹാജനസംഘം സെക്രട്ടറി എ.എൻ. ബാബു പറഞ്ഞു. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.