കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്നലെ ബലിപ്പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയുള്ള പെരുന്നാൾദിനമായിരുന്നു കടന്നുപോയത്.

പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 40 പേർക്ക് മാത്രമായിരുന്നു പ്രവേശനം. അതിനാൽ അധികമാളുകളും വീടുകളിൽതന്നെ ഈദ് നമസ്‌കാരം നടത്തി. മൂന്ന് ദിവസത്തെ ഇളവുകളിൽ വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നതിനാൽ വീടുകളിലുള്ള പരിമിതമായ ആഘോഷത്തിന് വിശ്വാസികൾ തയ്യാറെടുത്തിരുന്നു. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ്, കലൂർ മുസ്ലീം ജമാത്ത്, തോട്ടത്തുംപടി മുസ്ലീം ജമാത്ത് പള്ളി, കോമ്പാറ മുസ്ലീംപള്ളി, എറണാകുളം നൂർ മസ്ജിദ്, എറണാകുളം സൗത്ത് ജുമാ മസ്ജിദ്, ഇടപ്പള്ളി ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ എല്ലാം രാവിലെ 6.45 മുതൽ പ്രാർത്ഥന ആരംഭിച്ചു. അകലം പാലിച്ചായിരുന്നു നമസ്‌കാരം. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. അതിനാൽ സ്‌നേഹം പങ്കുവെയ്ക്കലും സൗഹൃദം സ്ഥാപിക്കലും അകലം പാലിച്ച് മാത്രമായി.