വൈപ്പിൻ: കരാറുകാരൻ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് പലവട്ടം മുടങ്ങിയ വൈപ്പിൻ മുരിക്കുംപാടം ജലസംഭരണിയുടെ നിർമ്മാണം ഉടനെ പൂർത്തിയാകും. എട്ടുവർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വിവിധ കാലഘട്ടങ്ങളിൽ ഒട്ടേറെ സമരം നടത്തിയിട്ടുണ്ട്. ഒരുനില നിർമ്മിച്ചതിന് ശേഷമാണ് കരാറുകാരൻ പണി ഉപേക്ഷിച്ചുപോയത്.
ആലുവ സ്വദേശിയായ പുതിയ കരാറുകാരനെ ഒട്ടേറെ ശ്രമങ്ങൾക്കുശേഷം നിയോഗിച്ച് മൂന്നുമാസം മുമ്പാണ് നിർമ്മാണം പുനരാരംഭിച്ചത്. തുടർന്ന് നിർമ്മാണം വളരെ വേഗത്തിൽ നടന്നു. ഇതിനിടെ ഏതാനും ചിലർ തങ്ങൾക്ക് ജോലി തരണമെന്നാവശ്യപ്പെട്ട് എൻജിനിയറെ ഭീഷണിപ്പെടുത്തുകയും പണി തടസപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ഡോൾഗോവ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നാണ് പണി തടസമില്ലാതെ നടന്നത്.
20 മീറ്റർ ഉയരമുള്ള ടാങ്കിന്റെ സംഭരണശേഷി 12.8 ലക്ഷം ലിറ്ററാണ്. വൈപ്പിൻകരയുടെ തെക്കൻ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് സംഭരണി നിർമ്മിക്കുന്നത്. ജിഡ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതക്കരികെ മുരിക്കുംപാടം ശ്മശാനത്തിന് എതിർവശമാണ് ജല അതോറിറ്റിയുടെ ജലസംഭരണി.