നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടറായി എസ്. സുഹാസ് തുടർന്നേക്കും. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ സജീവമായ ചർച്ചകൾ നടക്കുന്നതായാണ് വിവരം. ഡി.ജി.പി സ്ഥാനത്ത് നിന്ന് വിരമിച്ച ലോക്‌നാഥ് ബെഹ്റയെ എം.ഡി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

സിയാൽ എം.ഡിയായിരുന്ന വി.ജെ കുര്യൻ വിരമിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടറായിരുന്ന സുഹാസിന് എം.ഡിയുടെ അധിക ചുമതല കൂടി നൽകിയത്. ഇത് തുടരാനാണ് സാധ്യത. സുഹാസിന് ഇപ്പോൾ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻറ് കോർപറേഷന്റെ ചുമതലയാണ്.

ബെഹ്‌റയെ എം.ഡിയാക്കുന്നതിൽ സി.പി.എം നേതൃത്വത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നതിനാൽ ഉപേക്ഷിച്ചതായാണ് വിവരം. ബെഹ്റ ഡി.ജി.പി സ്ഥാനം ഒഴിഞ്ഞപ്പോൾ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ സംഘപരിവാറിനെ പ്രീണിപ്പിക്കാൻ ശ്രമിച്ചെന്ന വിമർശനമാണ് വിനയായത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റടക്കം ഇത് പിണറായി സർക്കാരിനെ അടിക്കാനുള്ള വടിയാക്കി.

കളക്ടറായിരിക്കെ പ്രതിസന്ധി നിറഞ്ഞ മൂന്ന് വർഷം ജില്ലയെ ശക്തമായ ആസൂത്രണത്തിലൂടെ മുന്നോട്ടു നയിച്ച സുഹാസിന്റെ ഭരണ പാടവം സിയാലിന്റെ വളർച്ചയ്ക്കും മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.