കൊച്ചി: ജി .സ്മാരകത്തെ കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള കൊച്ചി കോർപ്പറേഷന്റെ ശ്രമം വിജയിക്കുമോയെന്ന് 27ന് അറിയാം. അന്നു നടക്കുന്ന അമൃതിന്റെ സംസ്ഥാനതല അവലോകനയോഗം വിഷയം പരിഗണിച്ചേക്കും. ഈ വർഷത്തോടെ കാലാവധി അവസാനിക്കുന്ന അമൃത് പദ്ധതിയിൽ ജി. സ്മാരകത്തെ എങ്ങനെയും ഉൾപ്പെടുത്താനാണ് കോർപ്പറേഷന്റെ ശ്രമം. ടെൻഡർ ചെയ്ത് പ്രവൃത്തി നൽകിക്കഴിഞ്ഞാൽ രണ്ടുകോടിയുടെ പദ്ധതി യാഥാർത്ഥ്യമാക്കാമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.
ഈ വർഷം കഴിഞ്ഞാൽ അമൃത്പദ്ധതി ജൽജീവൻമിഷൻ 2 അർബന്റെ ഭാഗമായി മാറും. ജലവിതരണവും മലിനജല സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായിരിക്കും പിന്നീട് മുൻഗണന. അതേസമയം അമൃതിൽ ഉൾപ്പെട്ട വർക്കുകൾ പൂർത്തിയാക്കുന്നതിന് 2023 മാർച്ച് 31വരെ സമയം നൽകിയിട്ടുണ്ട്. അതുകഴിഞ്ഞാൽ ഫണ്ട് അനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിപ്പ്.
ജി. സ്മാരകം ബഫർ സോണിൽ
ഹൈക്കോടതിക്ക് സമീപം ഗോശ്രീ പാലത്തിനടുത്ത് 25 സെന്റ് സ്ഥലമാണ് മഹാകവി ജി . ശങ്കരക്കുറുപ്പിന്റെ സ്മാരകത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതുൾപ്പെടെ ചുരുക്കം ചില പ്രദേശങ്ങൾ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബഫർ സോണായതിനാൽ പരിസ്ഥിതി സൗഹാർദ്ദമായ നിർമ്മാണപ്രവർത്തനങ്ങളേ സാദ്ധ്യമാകൂ. ഈ വസ്തുതകൂടി കണക്കിലെടുത്ത് ജി. സ്മാരകം അമൃതിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു. ജി. സാംസ്കാരിക സമുച്ചയത്തിന്റെ രൂപരേഖ തയ്യാറാക്കാൻ ഗോപകുമാർ ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭപ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ ബഡ്‌ജറ്റിൽ ഒരുകോടിരൂപ വകയിരുത്തിയിട്ടുണ്ട്.