വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിൽ എം.എൽ.എയുടെ പദ്ധതി പ്രകാരം റോട്ടറി ക്ലബിന്റെ 'ഹരിതതീരം' സംരംഭത്തിന്റെ സഹകരണത്തോടെ മുളവിത്തുകൾ പാകുന്നതിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മൂന്നുലക്ഷം മുളകൾക്കുള്ള വിത്തുകളാണ് ഇവയുടെ പരിചരണം ഉറപ്പാക്കിക്കൊണ്ട് പാകിയത്. മുള പരിചരണത്തിന് രണ്ടു ജീവനക്കാരുടെ സേവനം റോട്ടറി ക്ലബ് ഏർപ്പാടാക്കിയിട്ടുണ്ട്.തീരദേശങ്ങളിൽ കണ്ടൽ, കാറ്റാടി, മുള എന്നിവയെല്ലാം നട്ടുവളർത്തുന്നത് കടലാക്രമണ പ്രതിരോധത്തിനാണെന്ന് എം.എൽ.എ പറഞ്ഞു. റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് വിനോദിനി സുകുമാർ അദ്ധ്യക്ഷത വഹിച്ചു.
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ, വാർഡ് അംഗം വിപിന അനീഷ്, എ. പി. പ്രനിൽ, കെ. സി. ഫിലിപ്പ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ നാരായണമേനോൻ, ഹരിതതീരം കോഓർഡിനേറ്റർ ശശി കർത്ത, റോട്ടറി കൊച്ചിൻ വെസ്റ്റ് സെക്രട്ടറി ജോഷി സിറിയക് എന്നിവർ പ്രസംഗിച്ചു. ഒ.കെ. കൃഷ്ണകുമാർ, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.