തോപ്പുംപടി: കഴിഞ്ഞ പത്തുമാസമായി റേഷൻ വ്യാപാരികൾക്ക് കിറ്റ് നൽകിയ ഇനത്തിൽ നൽകാനുള്ള കമ്മീഷൻ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് 26ന് സമരം നടത്തും. സെക്രട്ടേറിയറ്റിനുമുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് സമരം സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സംസ്ഥാന ഭാരവാഹികളായ ജോണി നെല്ലൂർ, ടി. മുഹമ്മദാലി എന്നിവർ നിവേദനം നൽകി.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് കുടിശിക ഇനത്തിൽ 40 കോടി രൂപയാണ് നൽകേണ്ടത്. കിറ്റ് ഒന്നിന് 7 രൂപ നിരക്കിലാണ് കമ്മീഷൻ നൽകേണ്ടത്. കിറ്റ് സൂക്ഷിച്ചുവെക്കാൻ കടമുറി വാടകയ്ക്കെടുത്ത ഇനത്തിലും ജോലിക്കാർക്ക് ശമ്പളം നൽകിയ ഇനത്തിലും വൻ കുടിശികയാണ് റേഷൻ വ്യാപാരികൾക്ക് വന്നിരിക്കുന്നത്.15ന് ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കുടിശിക തീർത്ത് തരുമെന്ന് അറിയിച്ചെങ്കിലും നടപടിയായില്ല. ഓണത്തിന് മുമ്പ് കുടിശിക മുഴുവനായും നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൊവിഡ് രോഗഭീതിയിലും ജീവൻ പണയംവെച്ച് ജോലിചെയ്ത റേഷൻ വ്യാപാരികളുടെ കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തപക്ഷം കുടുതൽ സമരമുറകളിലേക്ക് നീങ്ങുമെന്നും സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.