കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയെന്ന കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക് ഡൗണിനെത്തുടർന്ന് കോടതി തുടർച്ചയായി അടച്ചിടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി. എം. വർഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറിൽ കൂടുതൽ സമയം തേടി അപേക്ഷ നൽകിയപ്പോൾ 2021 ആഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഇനി സമയം നീട്ടി നൽകാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നൽകിയത്. വിചാരണയുടെ രണ്ടാം ഘട്ടത്തിൽ 84 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയിരുന്നു. അവധി ദിനങ്ങളും ലോക്ഡൗണും അഭിഭാഷകർ കേസ് നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാൻ കാരണമായിട്ടുണ്ട്. കേസിൽ ഇതുവരെ 174 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി.
2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വന്ന നടിയെ തടഞ്ഞുവച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്. വിചാരണയുടെ അടുത്ത ഘട്ടത്തിൽ ചലച്ചിത്രതാരങ്ങളുൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നുണ്ട്.