കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ സഹകരണത്തോടെ ആരംഭിച്ച ഗുരുകാരുണ്യം സേവന പദ്ധതി സ്കൂൾ ജനറൽ മാനേജർ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.
കൊവിഡ് മഹാമാരിക്കാലത്ത് ജീവിതം പ്രതിസന്ധിയിലായ 200 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപവീതം നൽകി സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളിലെ മുഴുവൻ ജീവനക്കാരിൽ നിന്നുമായി സമാഹരിച്ച 15 ലക്ഷം രൂപയാണ് ഈ പദ്ധതിക്കുവേണ്ടി വിനിയോഗിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി സഹായം ലഭ്യമാക്കും. കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ ഇത്തരമൊരു ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നത്. സമാനതകളില്ലാത്തൊരു ജീവകാരുണ്യ പ്രവർത്തനമാണിതെന്ന് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എറണാകുളം ജില്ലയിൽ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കിയ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങൾക്കുള്ള ഹരിതവിദ്യാലയം അവാർഡ്, മികച്ച അദ്ധ്യാപക രക്ഷകർതൃസമിതിക്കുള്ള സംസ്ഥാന - ജില്ലാതല പുരസ്‌കാരങ്ങൾ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. പ്രീതി നടേശൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, ഹെഡ്മിസ്ട്രസ് എൻ.സി.ബീന, ഉദയംപേരൂർ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ്, ശ്രീജിത്ത്, ഡി.സജി എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി ബാബു സ്വാഗതവും സംഘാടക സമിതി കൺവീനർ പി.കെ.അജേഷ് നന്ദിയും പറഞ്ഞു.