kts-

തൃപ്പൂണിത്തുറ: അറുപതിലേറെ സി​നി​മകളി​ലും ആയി​രത്തോളം നാടക വേദികളിലും ചിരിയുടെ മാലപ്പടക്കം തീർത്ത നടൻ കെ.ടി.എസ്. പടന്നയി​ൽ (കെ.ടി. സുബ്രഹ്മണ്യൻ -88) നിര്യാതനായി. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി​യി​ൽ ഇന്നലെ പുലർച്ചെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ നഗരത്തിലെ കൊച്ചുപടന്നയിൽ വീട്ടിലായിരുന്നു താമസം.

രാജസേനൻ സംവിധാനം ചെയ്ത 'അനിയൻ ബാവ ചേട്ടൻ ബാവ'യി​ലൂടെയാണ് സി​നി​മാപ്രവേശം. വൃദ്ധന്മാരെ സൂക്ഷിക്കുക, ദില്ലിവാല രാജകുമാരൻ, ത്രീ മെൻ ആർമി, ആദ്യത്തെ കൺമണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, അമർ അക്ബർ അന്തോണി തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് അവസാന ചിത്രം. റിലീസ് ചെയ്തിട്ടില്ല.

1956ൽ 'വിവാഹദല്ലാൾ' എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. 1957ൽ സ്വന്തമായി 'കേരളപ്പിറവി' എന്ന നാടകം രചിച്ച് അവതരിപ്പിച്ചത് അഭിനയരംഗത്ത് കാലുറപ്പിക്കാൻ വഴിയൊരുക്കി. വൈക്കം മാളവിക, ചങ്ങനാശേരി ഗീത, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗ ചേതന, വയലാർ നാടകവേദി തുടങ്ങിയ നാടക സമിതികളിലൂടെ ആയിരത്തോളം വേദികൾ പങ്കിട്ടു. നിരവധി സീരിയലുകളിലും നിറസാന്നിധ്യമായി.

പരേതയായ രമണിയാണ് ഭാര്യ. കൊച്ചുപടന്നയിൽ തായി മകൻ സുബ്രഹ്മണ്യനെന്നാണ് കെ.ടി.എസ് പടന്നയി​ലി​ന്റെ മുഴുവൻ പേര്. ശ്യാം, സ്വപ്ന, സന്നൻ, സാൽജിൻ എന്നിവരാണ് മക്കൾ. തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കാരം നടത്തി.