babuca

കൊച്ചി: ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ഏഷ്യ, പസഫിക് രാജ്യങ്ങളുടെ സമിതിയിൽ മലയാളിയായ ബാബു എബ്രഹാം കള്ളിവയലിൽ ഇന്ത്യയുടെ ഏകപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 24 രാജ്യങ്ങളിലെ 33 അക്കൗണ്ടന്റുമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഒഫ് ഏഷ്യ ആൻഡ് പസിഫിക്ക് അക്കൗണ്ടൻസിന്റെ (കാപ്പാ) പബ്ലിക് സെക്ടർ ഫിനാൻഷ്യൽ മാനേജിംഗ് കമ്മിറ്റിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ സെൻട്രൽ കൗൺസിൽ അംഗം കൂടിയായ ബാബു അംഗമായത്.

ബ്രിട്ടനിൽ നിന്ന് മൂന്നുപേരും ന്യൂസിലൻഡ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മംഗോളിയ എന്നിവയുടെ ഓരോ അംഗങ്ങളുമാണ് പത്തംഗ സമിതിയിലുള്ളത്. പൊതുമേഖലാ സാമ്പത്തിക മാനേജ്‌മെന്റ് രൂപീകരിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. ജൂൺ മുതൽ നാലു വർഷത്തേക്കാണ് നിയമനം.

കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണറാണ്. പാലാ വിളക്കുമാടം കള്ളിവയലിൽ പരേതരായ കെ.എ. എബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. അമേരിക്ക ആസ്ഥാനമായ ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് ആൻഡ് കൺട്രോൾ അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം ലോക്കൽ ബോർഡ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.