lekshmitharu
അഞ്ചു വർഷം മുമ്പ് ലക്ഷ്മി തരുവ്വക്ഷം അലുപുരം ട്രാഫിക് വട്ടത്തിൽ നടുന്ന ചിത്രം

കളമശേരി: ഏലൂർ നഗരസഭാ പരിധിയിലുള്ള അലുപുരം കൂട്ടക്കാവ് ദേവിക്ഷേത്രത്തിനു സമീപം ട്രാഫിക് വട്ടത്തിൽ നിന്ന മരം കടയോടെ വെട്ടിമാറ്റിയ സംഭവത്തിൽ ഒത്തുതീർപ്പായി. നഗരസഭാ അധികൃതരോ സർക്കാർ വകുപ്പുകളോ അറിയാതെയാണ് സ്വകാര്യ കമ്പനിയായ ഹിൻഡാൽകോയുടെ കരാറുകാരൻ മരംവെട്ടിയത്.

സ്വകാര്യ കമ്പനിയും നഗരസഭയും ചേർന്ന് പൊതുസ്ഥലത്ത് വച്ചിട്ടുള്ള പരസ്യ ബോർഡ്‌ മരം കാരണം വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന കാരണത്താൽ ശിഖരങ്ങൾ മുറിക്കാൻ കമ്പനി പറഞ്ഞപ്പോൾ കരാറുകാരൻ കടയോടെ വെട്ടിമാറ്റുകയായിരുന്നു. കേരളകൗമുദിയാണ് ആദ്യം വാർത്ത പുറത്തു കൊണ്ടുവന്നത്. അഞ്ചു വർഷം മുമ്പ് അന്തരിച്ച പ്രകൃതി സ്നേഹിയും കേന്ദ്ര മന്ത്രിയുമായിരുന്ന അനിൽ മാധവ്ജിയുടെ ഓർമ്മക്കായ് ബി.ജെ.പി പ്രവർത്തകർ നട്ട ലക്ഷ്മി തരു എന്ന ഔഷധ വൃക്ഷമാണ് മുറിച്ചത്. പരിസ്ഥിതി പ്രവർത്തകനായ പ്രദീപാണ് മരം പരിപാലിച്ചിരുന്നത്. സംഭവത്തെ തുടർന്ന് നഗരസഭാ ചെയർമാൻ സ്ഥലം സന്ദർശിച്ചു. കമ്പനി മാനേജുമെന്റുമായി നടന്ന ചർച്ചയിൽ എച്ച്.ആർ.മാനേജർ മനോജ്, കൗൺസിലർ കെ.എൻ.അനിൽകുമാർ, ബി.ജെ.പി.മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, സെക്രട്ടറി സജിത് ആർ. നായർ എന്നിവർ പങ്കെടുത്തു. കമ്പനി ചെലവിൽ പകരം മരം വെച്ചുപിടിപ്പിച്ച് മനോഹരമായ ഉദ്യാനമൊരുക്കാനാണ് ധാരണയായത്.