കൊച്ചി: `സിനിമ വിട്ടാലും ഈ മുറുക്കാൻകട വിടില്ല. ഇതെന്റെ ചോറാണ്.' പല്ലില്ലാത്ത വായ തുറന്ന് ഉറക്കെച്ചിരിച്ച് കെ.ടി.എസ്. പടന്നയിൽ സുഹൃത്തുക്കളോട് പറയുമായിരുന്നു. 140 സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രതിഫലം ചോദിച്ചു വാങ്ങാത്ത അദ്ദേഹത്തിന് ജീവിതാവസാനം വരെ അത്താണിയായത് സ്വന്തം മുറുക്കാൻ കടയാണ്.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് കട. മിഠായികൾ, പലഹാരങ്ങൾ, സംഭാരം, സോഡ, സോപ്പ്, ചീപ്പ്, ബിസ്കറ്റ്, സിഗരറ്റ്, ബീഡി തുടങ്ങിയവ നിരത്തിവച്ചിട്ടുണ്ടെങ്കിലും മുറുക്കാൻ കച്ചവടമാണ് പ്രധാനം. വെറ്റിലയും പാക്കും പുകയിലയും തളികയിലുണ്ടാകും. ആവശ്യക്കാർക്ക് അദ്ദേഹം തന്നെ എടുത്തുനൽകും.
സിനിമയും നാടകവുമില്ലെങ്കിൽ പുലർച്ചെ നാലിന് കട തുറന്നിരിക്കും. സിഗരറ്റും വെറ്റിലയുമായിരുന്നു രാവിലത്തെ കച്ചവടം. സിനിമയിലും ടി.വിയിലും അഭിനയിക്കാൻ പോകുമ്പോൾ മകൻ ശ്യാം കട തുറക്കും.
പത്താം വയസിൽ പഠനം നിറുത്തി കൂലിപ്പണിക്ക് ഇറങ്ങിയതാണ് കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ് പടന്നയിൽ. കലയോടുള്ള കമ്പം നാടകത്തിലെത്തിച്ചു. നിരവധി സംഘങ്ങൾക്കൊപ്പം നാടകത്തിൽ അഭിനയിച്ചു. വേദികൾ കുറഞ്ഞപ്പോൾ ജീവിക്കാൻവേണ്ടിയാണ് 1970ൽ 600 രൂപയ്ക്ക് കട വാങ്ങിയത്. 400 രൂപയുടെ സാധനങ്ങളുമായാണ് തുടങ്ങിയത്.
"കട വാങ്ങിയതുകൊണ്ടാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. പട്ടിണി കിടക്കാതിരിക്കാൻ നടത്തിയ നിക്ഷേപമാണിത്." ഒരിക്കൽ കേരള കൗമുദിയോട് അദ്ദേഹം പറഞ്ഞു.
അഭിനയം തനിക്ക് ഉപാസനയാണ്. പ്രതിഫലം നൽകാത്തവരുണ്ട്. പറഞ്ഞ തുക മുഴുവൻ നൽകാത്തവരുമുണ്ട്. പരിഭവമോ പരാതിയോ പറഞ്ഞില്ല. പട്ടിണിയില്ലാതെ ജീവിക്കാൻ മുറുക്കാൻകടയുടെ വരുമാനം മതിയായിരുന്നു. താരസംഘടനയായ അമ്മ നൽകുന്ന പെൻഷനും തുണയായി.
പത്തു സിനിമകളിൽ അഭിനയിച്ച വർഷങ്ങളുണ്ട്. പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. അതിന്റെ മെച്ചമൊന്നും സാമ്പത്തികമായി ലഭിച്ചില്ല. അവസരങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും മുറുക്കാൻകടക്കാരനായി. ആരോഗ്യം മോശയമായപ്പോഴാണ് മകനെ കട പൂർണമായി ഏല്പിച്ചത്.
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വി. ശിവൻകുട്ടി
അനുശോചിച്ചു
തിരുവനന്തപുരം: നടൻ കെ.ടി.എസ് പടന്നയിലിന്റെ നിര്യാണത്തിൽ മന്ത്രി വി.ശിവൻകുട്ടി അനുശോചിച്ചു. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ അദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു.