കോലഞ്ചേരി: പേരിൽ ഒരു ടീച്ചറുണ്ടായിപ്പോയി. ഒരാളുടെ മുന്നിൽ കൈ നീട്ടാൻ അഭിമാനം അനുവദിക്കാത്തതിനാൽ ആ പണി ചെയ്യുന്നില്ല. അത്ര കണ്ട് ദുരിതമയമാണ് പ്രീ പ്രൈമറി അദ്ധ്യാപകരുടെ ജീവിതം. ഇനി അഥവാ കടം ചോദിച്ചാലും ആരും തരില്ല. ഞങ്ങൾക്ക് ശമ്പളം കിട്ടുന്നില്ലെന്നു പറഞ്ഞാൽ ആരും വിശ്വസിക്കുന്നുമില്ല. സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രീ പ്രൈമറി അദ്ധ്യാപകരുടെ അവസ്ഥയാണിത്. അന്നന്നത്തെ അന്നത്തിന് വകയില്ലാതെ കഷ്ടപ്പെടുകയാണിവർ. മൂന്ന് വയസിനുമുകളിൽ, നാലു വയസിനു മുകളിൽ എന്നിങ്ങനെ രണ്ടുവിഭാഗമായാണ് പ്രീ പ്രൈമറി പ്രവർത്തിക്കുന്നത്.
വരുമാനം നിലച്ചു
സ്‌കൂൾ പ്രവർത്തിക്കുന്ന സമയത്ത് ഇവർക്ക് 4000- 5000 രൂപയാണ് പ്രതിമാസ വരുമാനം ലഭിച്ചിരുന്നത്. സർക്കാർ അംഗീകരിച്ച പ്രീ പ്രൈമറി അദ്ധ്യാപകർക്ക് 11,000 രൂപ വരെ ഓണറേറിയം ലഭിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ ഒന്നേകാൽ വർഷത്തോളമായി അടച്ചതോടെ ഇവരുടെ വരുമാനവും നിലച്ചു. ഓൺലൈൻ ക്ളാസുകൾ നടക്കുന്നുണ്ട്. അതിനായി മുടക്കുന്ന പണംപോലും പലർക്കും പ്രതിഫലമായി ലഭിക്കുന്നില്ല. സ്കൂളുകളിൽ മറ്റദ്ധ്യാപകർ ചേർന്ന് നൽകുന്ന ചെറിയ പ്രതിഫലവും പി.ടി.എ ഫണ്ടിൽ നിന്നെടുക്കുന്ന ചെറിയ തുകയും ചേർത്താണ് ഇവർക്ക് മാസാമാസമുള്ള പ്രതിഫലം കണ്ടെത്തുന്നത്.
കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ലഭിക്കുന്ന പണമായിരുന്നു ഇവരുടെ ശമ്പളം. ഓൺലൈൻ ക്ളാസ് നടക്കുന്നുണ്ടെങ്കിലും കുട്ടികളിൽനിന്നും ഇവർക്കു നൽകാൻ വാങ്ങിയിരുന്ന ചെറിയഫീസ് സർക്കാർ സ്കൂളുകളിൽ ഒന്നുംതന്നെ വാങ്ങുന്നില്ല. ഒന്നാം ക്ളാസിലേക്കുള്ള അഡ്മിഷനിൽ മിക്കവാറും പേർ പ്രീപ്രൈമറി വിഭാഗത്തിൽ നിന്നും വരുന്നവരാണ്. അതുകൊണ്ടുതന്നെ സ്കൂളുകളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞു പോക്കിനു തടയിടുന്നത് പ്രീ പ്രൈമറി വിഭാഗം വഴിയാണ്.
കൊവിഡ് വഴിമാറുമെന്ന പ്രതീക്ഷ
ഉച്ചക്കഞ്ഞിക്കുള്ള അരി മുതൽ കുട്ടികൾക്ക് സർക്കാർ നൽകുന്ന മുഴുവൻ ആനുകൂല്യങ്ങളും കൊവിഡ് കാലത്തും സ്കൂളിലെത്തി രക്ഷിതാക്കൾക്ക് കൈമാറുന്നതും ഈ അദ്ധ്യാപകർ തന്നെയാണ്. ചില എയ്ഡഡ് മാനേജ്‌മെന്റുകൾ പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് പിരിക്കുന്ന പണം അദ്ധ്യാപകർക്ക് മുഴുവനായും നൽകാതെ സ്‌കൂളിന്റെ മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതായും ആരോപണമുണ്ട്. തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും നാളെ കൊവിഡ് തരംഗം മാറുമ്പോൾ സ്ഥിരമായി സ്കൂളിലെത്താം എന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗവും പ്രതിഫലത്തിൽ കുറവുണ്ടെങ്കിലും ജോലിയിൽ തുടരുന്നത്.