കൊച്ചി: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന 2500 പേർക്ക് സൗജന്യമായി കൊവിഡ് വാക്‌സിനേഷൻ നൽകുന്നതിന് തുടക്കമായി. ഈമാസം 31 നകം ടൂറിസം മേഖലയിലെ എല്ലാവർക്കും വാക്‌സിൻ നൽകുകയാണ് ദൗത്യം. ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടാക്‌സികൾ, ഗൈഡ്, ഹൗസ് ബോട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ തുടങ്ങിയവയിലെ ജീവനക്കാർക്കും വാക്‌സിൻ നൽകും.
കേരള ട്രാവൽ മാർട്ട്, ടൂറിസം വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് മേയർ എം. അനിൽകുമാർ, ജില്ലാകളക്ടർ ജാഫർ മാലിക് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, വൈസ് പ്രസിഡന്റ് എസ്. സ്വാമിനാഥൻ, മുൻ പ്രസിഡന്റ് ഏബ്രഹാം ജോർജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് ടി.ജി. തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദേശീയപാതാ ബൈപ്പാസിൽ മരട് ബി.ടി.എച്ച് സരോവരത്തിലാണ് ക്യാമ്പ്.