കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ശക്തമായ നടപടികളിലൂടെ നിയന്ത്രണവിധേയമായിരുന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ മറിച്ചായി.
രായമംഗലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായതിനാൽ ഡി കാറ്റഗറിയിൽ ഉൾപ്പെട്ട് സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നു.
രോഗവ്യപനവും ടി.പി.ആർ നിരക്ക് വർദ്ധിക്കുന്നതും ഗുരുതരപ്രശ്നമാണെന്നും നാടിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്നുമുള്ള യാഥാർത്ഥ്യമുൾക്കൊണ്ട് നിർദേശങ്ങൾ പാലിക്കാൻ പഞ്ചായത്തിനോടും പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരോടും പൂർണമായി സഹകരിക്കണമെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അടിയന്തര അവശ്യ സേവനങ്ങളിൽ ഉൾപ്പെടാത്ത മറ്റ് സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കത്തിൽ പെട്ടവരും നിർബന്ധമായി ക്വാറന്റൈനിൽ പോകണം. മറ്റുള്ളവരുമായി യാതൊരുവിധ സമ്പർക്കത്തിലും ഏർപ്പെടരുത്. ഇക്കാര്യത്തിൽ രോഗികളുടെ കുടുംബവും ആർ.ആർ.ടി വാളണ്ടിയർമാരും പ്രത്യേക ജാഗ്രത പുലർത്തണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പടുത്തണം.