കളമശേരി: ഉപജീവനമാർഗംതന്നെ ചരിത്രമാകുമെന്ന ഭീതിയിലാണ് വിൽ കലാകാരന്മാർ. കൊവിഡുംകൂടി വന്നതോടെ ജീവിതം ആകെ ദുരിതമയമാവുകയുംചെയ്തു. വിൽ കലാമേളയിൽ 19-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചതാണ് ഏലൂർ കളത്തിൽ പറമ്പിൽ രാമകൃഷ്ണൻ. ഈ വർഷം ഫെബ്രുവരിയിൽ തൃശൂര് ഒരു സർക്കാർ പരിപാടി മാത്രമാണ് കിട്ടിയത്. ചെലവായതിനേക്കാൾ കുറഞ്ഞ തുകയാണ് പ്രതിഫലമായി ലഭിച്ചത്. അതിൽ ജി.എസ്.ടി പിടിക്കുകയും ചെയ്തു. 20 ൽ പരം ശിഷ്യന്മാരുണ്ട് പുതിയ തലമുറയ്ക്ക് പഠിക്കാൻ താല്പര്യമില്ല. വർഷത്തിൽ പതിനഞ്ചോളം പരിപാടികൾ കിട്ടിയിരുന്നു. ഇന്നതല്ല സ്ഥിതി. ക്ഷേത്രങ്ങളിൽ പോലും കളിയില്ലാതായിവരികയാണ്. രാമകൃഷ്ണൻ പറയുന്നു. പട്ടിമറ്റത്ത് ശ്രീശക്തി കലാകേന്ദ്രം വിൽ കലാമേള പ്രോഗ്രാം കിട്ടാതെ നിലച്ചു.
ചന്ദ്രതാര തിയറ്റേഴ്സ്
കീബോർഡ്, തബല, ഗിഞ്ചറ, ഹർബാന ,ധോലക് ,വിൽ താളം, കോൽ താളം, ഇരുവശങ്ങളിലും ജോക്കർമാർ , മേക്കപ്പ് മാൻ , രംഗപടം, എല്ലാം ഉൾപ്പെടെ 18 പേരടങ്ങുന്ന ടീമാണ് ചന്ദ്ര താര തീയറ്റേഴ്സ്. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ശ്രീ അയ്യപ്പൻ, ഉണ്ണിയാർച്ച, പുത്തരിയങ്കം, എന്നീ കഥകളാണ് അവതരിപ്പിക്കുന്നത്.
സർക്കാർ സഹായമില്ല
കേരള ഫോക് ലോർ അക്കാദമിയിൽ 2012 ൽ രജിസ്റ്റർ ചെയ്തിരുന്നു. രജിസ്ട്രേഷൻ ഫീസ് കൂടാതെ മൂന്നു വർഷം കൂടുമ്പോൾ തുകയടച്ച് പുതുക്കണം. നൂറു രൂപ അഞ്ഞൂറാക്കി കൂട്ടിയതോടെ അത് നിർത്തി. കാരണം ഒരു സഹായവും കലാകാരന് കിട്ടുന്നില്ല. കലയോടുള്ള സമർപ്പണം കാരണം, കൈയിൽ നിന്നെത്ര ചെലവായാലും കാര്യമാക്കാതെ ജീവനായി കൊണ്ടു നടക്കുകയാണ് ഇന്നും. ഭാര്യ ലതികയും മകൻ രജീഷുമാണ് കൂടെയുള്ളത്.