പറവൂർ: മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ഇരുപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ 11 പ്രതികൾ ഒളിവിൽ. ഇതിൽ ഒരു സ്ത്രീയുമുണ്ട്.

മാർച്ച് മുതൽ ജൂലായ് വരെ മാട്ടുപുറത്തെ ഹെഡ് ഓഫീസിലും മാഞ്ഞാലി ഈസ്റ്റ് ബ്രാഞ്ചിലുമായി 22 തവണയായാണ് സംഘം മുക്കുപണ്ടം പണയം വച്ചത്. മൂന്നു മാസത്തിലൊരിക്കൽ നടക്കാറുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസിന്റെ പരാതിയിൽ ആലങ്ങാട് പൊലീസ് കേസെടുത്തത് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പി​ടികൂടാനായിട്ടില്ല. എൽ.ഡി​.എഫ് ഭരി​ക്കുന്ന ബാങ്കാണി​ത്.

ബാങ്ക് അംഗങ്ങളായ മാഞ്ഞാലി കുന്നുംപുറത്ത് മണപാടത്ത് വീട്ടിൽ സുനീർ, ചീനംകോട് ഷിയാസ്, നടുവിലത്തട്ടിൽ ശെൽവൻ, കരുമാലൂർ പഞ്ചായത്ത് മുൻ അംഗം കൊളുത്തങ്കൽ വീട്ടിൽ രവി, ലക്ഷംവീട്ടിൽ സനോജ്, ചീനംകോട് സജീർ, പുത്തൻപറമ്പിൽ റഫീഖ്, വാക്കയിൽ സുനീർ, പുന്നിലത്ത് ഷെഫീഖ്, പൂങ്കുഴിപറമ്പിൽ അനു, മാഞ്ഞാലി സ്വദേശിനി മീര എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.

അപ്രൈസർക്ക് പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധം വിദഗ്ദ്ധമായി നിർമ്മിച്ച ആഭണങ്ങളിൽ സ്വർണക്കടകളുടേതിനു സമാനമായി സീൽ പോലും ഉണ്ടായിരുന്നു.

ബാങ്ക് മുൻ പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ നോട്ടീസ് നൽകിയ സമയത്തായി​രുന്നു തട്ടിപ്പ്. യാഥാസമയം കമ്മിറ്റികൾ നടക്കാതിരുന്നതിനാൽ നടപടി ക്രമങ്ങളൊന്നും നടത്താൻ ബാങ്ക് അധികൃതർക്ക് കഴിഞ്ഞില്ല. ഇതെല്ലാം മനസിലാക്കിയായി​രുന്നു തട്ടി​പ്പ്. നഷ്ടമായ പണം ജീവനക്കാരിൽ നിന്ന് ബാങ്ക് തിരിച്ചുപിടിച്ചിട്ടുണ്ട്.