 രാത്രിയാത്ര പേടിസ്വപ്നം

പറവൂർ: ദേശീയപാത 66ൽ വാഹനാപകടങ്ങൾ കൂടുന്നു. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് ഒരാഴ്ചയ്ക്കിടെ അഞ്ച് അപകടങ്ങളുണ്ടായി. ഇന്നലെ പുലർച്ചെ നാലിന് പട്ടണം കവലയ്ക്കു സമീപത്ത് മുന്നിൽ പോയ വാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ വാഹനം വഴിയരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല.

ദിവസങ്ങൾക്കു മുമ്പ് പെരുവാരം – തെക്കേനാലുവഴി ഭാഗത്ത് മുന്നിൽപോയ ബസിന്റെ പിന്നിൽ കാറിടിച്ചു. കുറച്ചു നാളുകളായി ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. കാവിൽനട – കൊച്ചാൽ ഭാഗത്ത് മീൻ വണ്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ചേരാനല്ലൂർ സിഗ്നലിൽ ആംബുലൻസും കാറും തമ്മിൽ ഇടിച്ചു കൂനമ്മാവ് മേസ്തരിപ്പടിയിൽ കാറും ടാങ്കർ ലോറിയും തമ്മിൽ ഇടിച്ചു ടാങ്കർ ലോറി മറിഞ്ഞു. രാത്രിയാണ് അപകടങ്ങൾ ഏറെ ഉണ്ടാകുന്നത്. വീതി കുറഞ്ഞ റോഡിലൂടെ അമിതവേഗത്തിൽ വാഹനങ്ങൾ പായുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം.

 മഴയിൽ റോഡ് തകരുന്നു

ശക്തമായ മഴയിൽ ദേശീയപാത തകരുന്നു. ഓരോ മഴയിലും റോഡിൽ നിന്നും ടാർ ഇളകിപ്പോകുകയാണ്. റോഡിന്റെ മറചധ്യഭാഗത്താണ് കൂടുതൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ടാർ ചെയ്തിട്ട് ഒരു വർഷംപോലും തികഞ്ഞിട്ടില്ല. നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. രൂപപ്പെടുന്ന കുഴികൾ തൽക്കാലത്തേക്ക് മൂടി തടിതപ്പുകയാണ് ദേശീയപാത അധികൃതർ.