കാലടി: ഗതാഗതക്കുരുക്കഴിക്കാൻ കാലടിയിൽ സമാന്തരപ്പാലം വേണമെന്ന ആവശ്യം ശക്തമായി. സമാന്തര പാലത്തിനു വേണ്ടിയുള്ള മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ആറു പതിറ്റാണ്ടുമുമ്പ് നിർമ്മിച്ചതാണ് നിലവിലെ പാലം. പാലത്തിന്റെ തെക്കും വടക്കും പ്രവേശനകവാടത്തിലെ വൻകുഴികൾ ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
ശൃംഗേരിമഠം, മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാനകേന്ദ്രം, നെടുമ്പാശേരി എയർപോർട്ട്, കാഞ്ഞൂർ പള്ളി, സംസ്കൃത സർവകലാശാല തുടങ്ങി ആഗോളതലത്തിൽ ഇടംപിടിച്ച സ്ഥലങ്ങൾ കാലടി പട്ടണത്തിനു ചുറ്റുമാണ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിൽ എത്തേണ്ടവർ നിലവിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്.
നിത്യേന ഗതാഗതക്കുരുക്ക്
എം.സി റോഡിൽ ഒക്കൽ മുതൽ മരോട്ടിച്ചുവട് വരെയുള്ള മൂന്നുകിലോമീറ്റർ നിത്യേന ഗതാഗതക്കുരുക്കിലാണ്. നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള യാത്രക്കാരാണ് ഏറെ വലയുന്നത്.
സമാന്തരപാലവും ഒപ്പം ബൈപ്പാസും നിർമ്മിച്ചാൽ കാലടിയുടെ ഗതാഗതക്കുരുക്കിനു ശാപമോക്ഷമാകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ,ആലുവ, അങ്കമാലി നിയോജകമണ്ഡലങ്ങളിൽ ഇക്കുറിയും പാലം നിർമ്മാണം ചർച്ചയായി. കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാലടി പാലം സന്ദർശിച്ചത് പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചുണ്ട്.