ആലുവ: ആലുവ നഗരസഭയിൽ ഏഴ് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത 12 -ാം വാർഡിൽ കാന ശുചീകരിക്കുന്ന കാര്യത്തിൽ അവഗണയെന്ന് പരാതി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ സി.പി.എം പ്രതിനിധി മിനി ബൈജുവാണ് നഗരസഭ അധികൃതരുടെ പക്ഷപാതിത്വത്തിനെതിരെ നാലാം വട്ടവും പരാതി നൽകിയത്.
ചെമ്പകശേരി ക്ഷേത്രത്തിന് മുമ്പിലൂടെ പോകുന്ന കാന എല്ലാ വർഷവും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പേ ശുചീകരിക്കാറുണ്ട്. നാല് വാർഡുകളിൽ നിന്നുള്ള വെള്ളം ഒഴുകിവരുന്ന കാനയാണിത്. ഇക്കുറിയും കാന ശുചീകരണ വിഷയം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടർന്ന് സെക്രട്ടറിക്ക് പരാതി നൽകുകയും കൗൺസിലിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഉടൻ ശുചീകരിക്കാമെന്ന് മറുപടി പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല. മാലിന്യവും വള്ളിപ്പടർപ്പുകളും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ച അവസ്ഥയാണിപ്പോൾ. ഇതേതുടർന്ന് പരിസരത്ത് കൊതുക് ശല്യവുമുണ്ട്. കാലപ്പഴക്കം ചെന്ന കീടനാശിനി ഉപയോഗിക്കുന്നതിനാൽ കൊതുക് ശല്യത്തിനും ശമനമില്ല. താരതമ്യേന വെള്ളം ഒഴുകുന്നതിന് തടസമില്ലാത്ത മറ്റ് വാർഡുകളിലെ കാനകൾ പോലും ശുചീകരിക്കുന്നതിന് നഗരസഭ തയ്യാറാകുമ്പോൾ 12 -ാം വാർഡിനെ അവഗണിക്കുകയാണെന്നും മിനി ബൈജു ആരോപിച്ചു. അടുത്തിടെ നഗരസഭ മാലിന്യം കൊവിഡ് ഡി.സി.സിയായി ഉപയോഗിച്ചിരുന്ന ടൗൺ ഹാളിൽ കുഴിച്ചിടാൻ നടത്തിയ നീക്കം മിനി ബൈജുവിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിന്റെ വാശി തീർക്കുകയാണ് ഭരണപക്ഷമെന്നാണ് ആക്ഷേപം.