നെടുമ്പാശേരി: ജനജീവന് ഭീഷണിയാകുന്ന വിധം ചെങ്ങമനാട് പഞ്ചായത്തിൽ തെരുവ് നായ്കളുടെ ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ജനവാസകേന്ദ്രങ്ങളിലും പൊതുനിരത്തുകളിലും പട്ടാപ്പകലിലും തെരുവ് നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. പ്രധാന റോഡുകളിൽ തലങ്ങും വിലങ്ങും ഓടുന്ന തെരുവ് നായ്ക്കളിൽ തട്ടി ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ചെങ്ങമനാട് അത്താണി റോഡിലും കിഴക്കേദേശത്തും ഇത്തരത്തിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രിയിൽ നായ്ക്കൾ കൂട്ടത്തോടെ എത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. ദേശം, പുറയാർ, തുരുത്ത് നിരവധി വീടുകളിൽ നായ്ക്കളുടെ ശല്യമുണ്ടായിട്ടുണ്ട്. തുരുത്തിലെ തോപ്പിൽ അലിയാരുടെ മൂന്ന് ആടുകളെയാണ് നായ്ക്കൾ കടിച്ച് കൊന്നത്. പുറയാർ ഗാന്ധിപുരം ഭാഗത്ത് പ്രളയത്തിലെത്തിയ കുറുക്കൻ, കുരങ്ങ്, കീരി തുടങ്ങിയ ഷുദ്രജീവികളുടെയും ശല്യം നേരിടുന്നതായും നാട്ടുകാർ പറയുന്നു. പ്രളയത്തിന് ശേഷം കൊവിഡ് പടർന്ന് പിടിച്ചതോടെ പലയിടത്തും മുന്തിയ ഇനം നായ്ക്കളെ തീറ്റി പോറ്റുന്നത് ക്ളേശകരമായതിനാൽ തെരുവിൽ തുറന്ന് വിടുന്നതും പതിവ് സംഭവമായിരിക്കുകയാണ്. ഇത്തരത്തിലുള്ള നായ്ക്കൾ വിശപ്പ് സഹിക്കാനാകാതെ രാത്രി വളർത്ത് മൃഗങ്ങളെ ഉപദ്രവിക്കുന്നതും പതിവാണെന്നും നാട്ടുകാർ ചുണ്ടിക്കാട്ടുന്നു.
മുൻ കാലങ്ങളിൽ നിശ്ചിത കാലയളവിൽ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിയുടെ ഇടപെടൽ മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തിയാണ് നായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ നിയമമുണ്ടായതെങ്കിലും കൊവിഡ് പിടിമുറിക്കിയതോടെ വന്ധ്യംകരണത്തിലും മറ്റും തദ്ദേശ സ്ഥാപനങ്ങൾക്ക് ശ്രദ്ധിക്കാനാകുന്നില്ല.
വീട്ടമ്മക്ക് ചെലവായത് ഒരു ലക്ഷത്തിലധികം രൂപ
എടയപ്പുറത്ത് സായാഹ്ന സവാരിക്കിറങ്ങിയ യുവതിയെ തെരുവുനായ ആക്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചെലവഴിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്. മൂന്നാഴ്ച്ച മുമ്പ് എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. നായ ആക്രമിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് നിലത്ത് വീണ യുവതിയുടെ മുഖത്തും നെറ്റിയിലും നായ കടിച്ചിരുന്നു.