പെരുമ്പാവൂർ: മത്സ്യ ഗവേഷണത്തിനും വിത്ത് ഉത്പാദനത്തിനുമായി രായമംഗലം പഞ്ചായത്തിൽ ടെക്‌നോളജി ഡവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് സാദ്ധ്യതാപഠനം ആരംഭിച്ചു. കേന്ദ്ര ജനിതക മത്സ്യവിഭവ ഗവേഷണ ബ്യൂറോ സംഘമാണ് സ്ഥലം സന്ദർശിച്ചത്. 16-ാം വാർഡിലെ ചെങ്ങൻചിറ, 12-ാം വാർഡിലെ തായ്ക്കരചിറ എന്നിവയും 11-ാം വാർഡിലെ കാരിക്കോട്ട് പാടശേഖരവുമാണ് പരിശോധിച്ചത്. ഈ പാടശേഖരങ്ങളിൽ വൻതോതിൽ മത്സ്യക്കൃഷി ചെയ്യുന്നുണ്ട്.

മദ്ധ്യകേരളത്തിലെ പ്രധാന ഉൾനാടൻ മത്സ്യ ഉത്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പഞ്ചായത്താണ് രായമംഗലം. ചെങ്ങൻചിറയും ചേർന്നുള്ള സ്ഥലവും നിർദിഷ്ട ഗവേഷണകേന്ദ്രത്തിന് അനുയോജ്യമാണെന്ന് സംഘം അറിയിച്ചു. കേന്ദ്രം തുടങ്ങിയാൽ തനതു മത്സ്യങ്ങളുടെ വിത്തുത്പാദന സാങ്കേതികവിദ്യ, രോഗനിർണയം, മത്സ്യം വളർത്തുന്നതിനുള്ള പരിശീലനം തുടങ്ങിയ സേവനങ്ങൾ ലഭിക്കും. 5 വർഷത്തിനുള്ളിൽ അലങ്കാരമത്സ്യ തനതുമത്സ്യ വിപണന കേന്ദ്രമായി വികസിപ്പിക്കാൻ കഴിയും. രാജ്യാന്തര വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, എംസി റോഡ് എന്നിവയുള്ളതിനാൽ വിപണന സാദ്ധ്യതയുണ്ട്.

കേന്ദ്ര ജനിതക മത്സ്യവിഭവ ഗവേഷണ ബ്യൂറോ ഡയറക്ടർ ഡോ. കുൽദീപ് കുമാർ ലാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗഗവേഷക സംഘമാണു സന്ദർശനം നടത്തിയത്. സന്ദർശനത്തിന് ശേഷം ചേർന്ന യോഗത്തിൽ അക്വാ കൾചർ കർഷകർക്ക് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവേഷകരായ ഡോ.അജിത്ത്കുമാർ, ഡോ.ബഷീർ, ഡോ.രാജസ്വാമിനാഥൻ, ഡോ.ചരൺ, വൈസ് പ്രസിഡന്റ് ദീപ ജോയി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജു കുര്യാക്കോസ്, ബിജി പ്രകാശ്, അംഗങ്ങളായ സജി പടയാട്ടിൽ, എൻ.എസ്.സുബിൻ, സെക്രട്ടറി എൻ. രവികുമാർ എന്നിവർ പ്രസംഗിച്ചു.