വൈപ്പിൻ: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്കെതിരെ എളങ്കുന്നപ്പുഴ മുൻ ഗ്രാമ പഞ്ചായത്ത് അംഗം സി.ജി.ബിജു ജില്ലാ കളക്ടർക്ക് പരാതി നൽകി. മാലിപ്പുറം ഹെൽത്ത് സെന്ററിൽ നടത്തിയ കൊവിഡ് പരിശോധനാ കേന്ദ്രം ഉദ്ഘാടനത്തിലും കർത്തേടം ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ വാക്‌സിനേഷൻ ക്യാമ്പ് ഉദ്ഘാടനത്തിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേരെ പങ്കെടുപ്പിച്ചുവെന്നാണ് പരാതി.കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ട്രിപ്പിൾ ലോക്ക് ഡൗണിലായ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ആരും കൂട്ടം കൂടരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും നിരന്തരം മൈക്ക് അനൗൺസ്‌മെന്റുകൾ നടത്തുന്നവർ തന്നെയാണ് വലിയ ആൾകൂട്ടത്തെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തിയെന്നതാണ് ബിജുവിന്റെ പരാതി. ചടങ്ങുകൾ സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.