chicken-fam

കൊച്ചി സുരക്ഷിതമായ കോഴി ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേരള ചിക്കൻ പദ്ധതി വിജയത്തിളക്കത്തിൽ. ജില്ലയിൽ പ്രതിദിനം 100 മുതൽ 150വരെ കോഴികളെയാണ് വിൽക്കുന്നത്. വിപണി വിലയേക്കാൾ രണ്ട് രൂപ കുറച്ചാണ് വില്‌പന.

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണ് നടത്തിപ്പുകാർ.ഒരു വർഷം മുൻപാണ് പദ്ധതി ആരംഭിച്ചത്.ജില്ലയിൽ 51 ഫാമുകളും 22 വിപണന കേന്ദ്രങ്ങളുമുണ്ട്.പറവൂർ ബ്ലോക്കിലെ ഏഴിക്കര സി.ഡി.എസിന് കീഴിലാണ് ആദ്യ കേരള ചിക്കൻ ആരംഭിച്ചത്. 51 ഫാമുകളിൽ ഒരു ദിവസം പ്രായമായ 1,000 മുതൽ 5,000 വരെ കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കും.

45 ദിവസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ കമ്പനി തിരിച്ചെടുക്കും. ശരാശരി 10 രൂപ വരെ ഫാമുകൾക്ക് വളർത്തു കൂലി നൽകും. തിരിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങളെ വിപണന കേന്ദ്രങ്ങൾ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കച്ചവടക്കാരന് കിലോയ്ക്ക് 14 രൂപ മാർജിൻ ലഭിക്കും. 80,000 രൂപ വരെ പ്രതിമാസം കച്ചവടക്കാരന് ലാഭം ലഭിക്കും.

കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ആണ് പദ്ധതിയുടെ ഭാഗമാകാനാകുക.100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പരിശോധനയ്ക്ക് ശേഷമാണ് അനുമതി.പദ്ധതി ആരംഭിക്കാൻ ഗുണഭോക്താക്കൾക്ക് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ ലോൺ ലഭിക്കും.നാല് ശതമാനമാണ് പലിശ. രണ്ടര വർഷമാണ് തിരിച്ചടവ് കാലാവധി.


ജില്ലയിലെ 22 കേരള വിപണന കേന്ദ്രങ്ങൾ
ഏഴിക്കര,മുളവുകാട്,ശ്രീമൂലനഗരം,ആലങ്ങാട്,ആവോലി,കുഴുപ്പിള്ളി,കൂവപ്പടി,വാഴക്കുളം,ഞാറക്കൽ,പള്ളിപ്പുറം,എടത്തല,മുളന്തുരുത്തി,പയ്യൽ,ചിറ്റാറ്റുകര,എളങ്കുന്നപ്പുഴ,നീലേശ്വരം,പറവൂർ.

 പ്രതിദിനം വിൽപ്പന 100 മുതൽ 150 വരെ കോഴികൾ

 ജില്ലയിൽ 51 ഫാമുകളും 22 വിപണന കേന്ദ്രങ്ങളും

 പദ്ധതിക്ക് കുടുംബശ്രീ വഴി 1.5 ലക്ഷം രൂപ ലോൺ