ആലുവ: ആലുവ സ്വദേശി ഹഫീസ് അമീർ ഇരുചക്ര വാഹനത്തിൽ ഭാരത പര്യടനമാരംഭിച്ചു. 2002 മോഡൽ ഹീറോ ഹോണ്ട ബൈക്കിൽ തോട്ടുമുഖത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. നാടൻ ലുങ്കിമുണ്ടുടുത്താണ് യാത്ര. ബൈക്ക് റൈഡേഴ്‌സ് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഹഫീസ് ഉപയോഗിക്കുന്നില്ല. വീഡിയോ റെക്കാഡിംഗിന് സ്വന്തം മൊബൈൽ ഹെൽമെറ്റിൽ പ്രത്യേക രീതിയിൽ ഘടിപ്പിച്ചിട്ടുണ്ട്. ഏഴുവർഷത്തെ സ്വപ്നമാണ് സാധാരണക്കാരനായി എല്ലാ സംസ്ഥാനങ്ങളിലൂടെയുമുള്ള ബൈക്ക് യാത്രയെന്ന് ഹഫീസ് പറഞ്ഞു. തന്റെ സാഹസികയാത്ര ഒരുപാട് സാധാരണക്കാരുടെ യാത്രാസ്വപ്‌നങ്ങൾ സഫലീകരിക്കാനുള്ള പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഹഫീസ്. ലഹരിവിരുദ്ധ സന്ദേശം ബൈക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്. തോട്ടുമുഖത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ഹഫീസിന് യാത്രഅയപ്പ് നൽകി.
കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര വഴി കശ്മീർ താഴ്‌വാരകളിലൂടെ ഉത്തരാഖണ്ഡിലേക്കും തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പിന്നീട് ഒറീസയിലൂടെ മറ്റ് സംസ്ഥാനങ്ങളും കടന്ന് 28 സംസ്ഥാനങ്ങളും താണ്ടി തിരിച്ച് കേരളത്തിൽ എത്തുന്നതാണ് ഹഫീസിന്റെ യാത്രാപരിപാടി. രണ്ട് മാസത്തിലേറെ യാത്രയ്ക്കെടുക്കും.