കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ കേരളത്തിലെ കോർപ്പറേഷനുകൾക്കായി മുനിസിപ്പൽ ബോണ്ടുകൾക്ക് അനുമതി നൽകുന്നതിന് കേന്ദ്ര സർക്കാരിന് എന്തെങ്കിലും വിവരമോ അപേക്ഷയോ പദ്ധതി നിർദ്ദേശമോ ലഭിച്ചിട്ടില്ലെന്നു കേന്ദ്ര നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ. ലോക്സഭയിൽ ഹൈബി ഈഡൻ എം.പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനത്തിന് പണം സമാഹരിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ ബോണ്ട് ഇറക്കുമെന്നറിയിച്ചിരുന്നു. അധിക തുക സമാഹരണത്തിനായി നികുതി ഇളവുകളോടെയും സർക്കാർ ഉറപ്പിന്മേലും നിശ്ചിത ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് മുനിസിപ്പൽ കോർപ്പറേഷനുകൾ ഇറക്കുന്നതാണ് മുനിസിപ്പൽ കടപ്പത്രങ്ങൾ. നഗര അടിസ്ഥാന സൗകര്യവികസനത്തിനായി മുനിസിപ്പൽ ബോണ്ടുകൾ വിതരണം ചെയ്യുന്നതിലൂടെ രാജ്യമാകെ വിവിധ നഗര സഭകൾ ഇതുവരെ 3,840 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തും വിദേശത്തുമുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റു ചെയ്യുക വഴി മുനിസിപ്പൽ ബോണ്ടുകൾ വിറ്റഴിച്ച് ഫണ്ട് സ്വരൂപിക്കുന്നതിനായി പൂർത്തിയാക്കേണ്ട നടപടികളുടെ വിശദ വിവരങ്ങളും അദ്ദേഹം വ്യക്തമാക്കി.