bjp-kalamassery-
മാഞ്ഞാലി സഹകരണ ബാങ്കിൽ മുക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജി.പി നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: മാഞ്ഞാലി സഹകരണബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ഇരുപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസും ബി.ജെ.പിയും പ്രക്ഷോഭത്തിലേക്ക്. മുൻ പഞ്ചായത്ത് അംഗവും ഒരുവനിതയും ഉൾപ്പെടെ പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് നാലുമാസത്തോളം ഇരുപത്തിരണ്ട് തവണ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. മൂന്നു മാസത്തിലൊരിക്കൽ നടത്തുന്ന പരിശോധയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ബാങ്ക് സെക്രട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ സാധിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഇരുപാർട്ടികളും ആരോപിക്കുന്നത്.

 നഷ്ടമായ തുക തിരിച്ചടപ്പിച്ചെന്ന്

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്ത 20,15,000 രൂപ ബാങ്കിൽ തിരിച്ചടപ്പിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ഈതുക ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് അടുത്തദിവസംതന്നെ ബാങ്കിൽ അടപ്പിച്ചു. തട്ടിപ്പ് വിവരം അറിഞ്ഞയുടനെ എല്ലാ നിയമനടപടികളും സ്വീകരിച്ചു. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ യാതൊരു തടസവും ഇതുമൂലം നേരിട്ടട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. റഫീക്ക് പറഞ്ഞു.

 സഹ. ബാങ്കുകളിൽ തട്ടിപ്പ് കൂടുന്നു: എസ്. ജയകൃഷ്ണൻ

കേരളത്തിലെ സഹകരണ ബാങ്കുകളിൽ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം തട്ടിപ്പ് സംഘത്തെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കളമശേരി നിയോജകമണ്ഡലം കമ്മിറ്റി ബാങ്കിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം തട്ടിപ്പുകൾക്ക് സി.പി.എമ്മിന്റെ ഒത്താശയുണ്ടെന്നതിന് തെളിവാണ് പ്രതികളെ പിടികൂടാത്ത പൊലീസിന്റെ നിഷ്ക്രിയത്വം. കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സെൽ ജില്ലാ കൺവീനർ ആർ. സുനിൽകുമാർ, സി.ജി. സന്തോഷ്, വി.പി. രാജീവ്, ശ്യാംകുമാർ, പി.എം. ഉദയകുമാർ, വി.വി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

 മുഴുൻ സ്വർണ്ണാഭരണങ്ങളും പരിശോധിക്കണം: കോൺഗ്രസ്

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തത് ഭരണകക്ഷിയുടെ പിടിപ്പുകേടും നിരുത്തരവാദ സമീപനവും കൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ അറസ്റ്റുചെയ്യാൻ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതികളും ഭരണകക്ഷിയും തമ്മിലുള്ള ഒത്തുകളിയാണോയെന്ന് സംശയിക്കുന്നു. പണയം വെച്ചിട്ടുള്ള മുഴുവൻ സ്വർണ്ണാഭരണങ്ങളും പൊലീസിന്റേയും സഹകരണ ജോയിന്റ് രജിസ്ട്രാറുടെയും സാന്നിദ്ധ്യത്തിൽ എക്സ്പെർട്ട് അപ്രൈസറെക്കൊണ്ട് പുനപ്പരിശോധിപ്പിക്കണം. പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളായ എ.എം. അലി, എ.എം. അബൂബക്കർ, ടി.എ. നവാസ്, പി.എ. സക്കീർ, കെ.എ. ജോസഫ് തുടങ്ങിയവർ ആവശ്യപ്പെട്ടു.