തൃക്കാക്കര: കാക്കനാട് കൊല്ലംകുടിമുഗളിൽ നിന്നും കണ്ടെത്തിയ കാറിനെ ചുറ്റിപ്പറ്റി ദുരൂഹതയേറുന്നു. കൊല്ലംകുടിമുഗൾ ഓൾ റൗണ്ട് ഗ്രൗണ്ടിന് സമീപം ആഴ്ചകളായി ഉപേക്ഷിക്കപെട്ട നിലയിലായിരുന്നു കെ.എൽ 53 പി.560 എന്ന നമ്പറിലുള്ള ചുവന്ന സ്വിഫ്റ്റ് കാർ. കഴിഞ്ഞ ആറിന് രാത്രി ഒമ്പതോടെ ബൊലെനോ കാറിലെത്തിയ ഒരുസംഘം ചെറുപ്പക്കാർ ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർത്ത് വാഹനം കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിഒരുന്നു. പ്രദേശവാസികൾ കണ്ടെന്ന് മനസിലായതോടെ ഈ സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് വാഹനം തൃക്കാക്കര പൊലിസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വാഹനത്തിന്റെ രജിസ്റ്റർ നമ്പർ പരിശോധിച്ചതിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട സ്വദേശിയുടെ കാറാണെന്ന് കണ്ടെത്തിയിരുന്നു. കാർ വാടകയ്ക്ക് കൊടുത്തിരുന്നതായാണ് ഉടമ പൊലീസിനോട് പറഞ്ഞത്. കാറിനെ ചുറ്റിപ്പറ്റി ദുരൂഹതയുള്ളതിനാൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലിസ്. മൂന്ന് മാസം മുമ്പ് ഒരു ചെറുപ്പക്കാരൻ കാർ പാർക്ക് ചെയ്തശേഷം നടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.