കുമ്പളങ്ങി: ഇന്ധനങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും വില വർദ്ധന പിൻവലിക്കുക, പെൻഷൻകാർക്ക് മസ്റ്ററിംഗ് നടത്താൻ സൗകര്യം ഒരുക്കുക, ഓണത്തിന് ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡേഴ്സ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ കുമ്പളങ്ങി യൂണിറ്റ് നിൽപ്പ് സമരം നടത്തി. കുമ്പളങ്ങി ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ നടത്തിയ സമരം യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനും സംസ്ഥാന ട്രഷററുമായ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. സി.വി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നിക്സൻ സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മിറ്റി അംഗം നെൽസൻ കോച്ചേരി, മാർട്ടിൻ ആന്റണി, റോബർട്ട് പഴേരി, ആന്റണി പഴേരി, ഷിബു തൈക്കുടം എന്നിവർ സംസാരിച്ചു.