കൊച്ചി: ഇന്ത്യൻ ഒളിംപിക്ക് ആരാധകരുടെ സൈന്യത്തിൽ പങ്കാളികളായി ഐ.ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി. ഇന്ത്യൻ ഒളിംപിക്ക് ടീമിന് പിന്തുണ നൽകുന്നതിനായി എം.പി.എൽ സ്‌പോർട്സ് ഫൗണ്ടേഷനാണ് ആരാധക സൈന്യത്തിന് രൂപം നൽകിയത്. 31 ദശലക്ഷം വരുന്ന ശക്തമായ ആരാധക സൈന്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, എഫ്.സി ഗോവ, റിയൽ കാശ്മീർ എഫ്‌സി, ഷില്ലോംഗ് ലാജോംഗ് എഫ്‌സി, ക്രിക്കറ്റ് ഫോജ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്‌പോർട്ട് ക്ലബുകളെല്ലാം അംഗങ്ങളാണ്. ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തിന്റെ പ്രധാന പങ്കാളിയാണ് എം.പി.എൽ സ്‌പോർട്ട്‌സ് ഫൗണ്ടേഷൻ. ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഓൺലൈനായിട്ടായിരിക്കും ആരാധകരുടെ കൂട്ടായ്മ. ഫോട്ടോഗ്രാഫുകളിലൂടെയും വീഡിയോകളിലൂടെയും ആരാധകരുടെ ആവേശ നിമിഷങ്ങൾ പകർത്തി സമർപ്പിക്കുന്നതിനും പദ്ധതിയുണ്ട്.