കൊച്ചി: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ആർ.ജെയുമായിരുന്ന അനന്യ കുമാരി അലക്സിന്റെ (28) മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി.
കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയെ ബുധനാഴ്ച ഉച്ചയ്ക്കാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടെന്ന ആകുലതകളെ തുടർന്ന് നിരാശയിലായിരുന്നു അനന്യ. 2020 ജൂണിലായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ഡോക്ടർക്കും ആശുപത്രിക്കുമെതിരെ ഇവർ പരാതികളും ഉന്നയിച്ചിരുന്നു.
ഇന്നലെ കളമശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം എറണാകുളം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടോമി മാപ്ളക്കാലയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസ്. ചികിത്സാ പിഴവിനെക്കുറിച്ച് രണ്ടാം ഘട്ടത്തിലാണ് അന്വേഷണമുണ്ടാവുകയെന്ന് കളമശേരി ഇൻസ്പെക്ടർ സി.ആർ.സന്തോഷ് പറഞ്ഞു. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ നിന്ന് മൊഴിയെടുക്കും.
വിദഗ്ദ്ധസംഘത്തിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് അനന്യയുടെ പിതാവ് എസ്. അലക്സാണ്ടർ ഇന്നലെ കളമശേരി പൊലീസിൽ പരാതി നൽകി. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ പാലാരിവട്ടം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് ആലുവയിൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് കൊല്ലം പെരുമണിലേക്ക് കൊണ്ടുപോയത്.