കൊച്ചി: ബ്രഹ്മപുരം പ്ലാന്റിൽ വർഷങ്ങളായി മല പോലെ കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിംഗ് ചെയ്യാൻ അഞ്ചര മണിക്കൂർ നീണ്ട ചൂടേറിയ ചർച്ചക്കൊടുവിൽ കോർപ്പറേഷൻ കൗൺസിൽ അനുമതി നൽകി. 30ന് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ കർശന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചേർന്ന കൗൺസിലിലാണ് തീരുമാനം. സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടി രൂപക്കാണ് ടെൻഡർ ലഭിച്ചത്. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തി അനുമതി നൽകിയത്.
ബയോമൈനിംഗ് തുകയിൽ പകുതി സംസ്ഥാന സർക്കാർ വഹിക്കും. ഇതോടൊപ്പം ബ്രഹ്മപുരത്തെ 20 ഏക്കർ ഭൂമി 27 വർഷത്തേക്ക് കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് നൽകാനും കൗൺസിൽ തീരുമാനിച്ചു. ഭൂമി കൈമാറ്റത്തെ യു.ഡി.എഫ് അംഗങ്ങൾ ശക്തമായി എതിർത്തു. നിലവിലുള്ള മാലിന്യ പ്ലാന്റിന്റെ നടത്തിപ്പിനായി ലഭിച്ച റീടെൻഡറിന് നിയമസാധുതയുണ്ടോയെന്ന് പരിശോധിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 വടിയെടുത്ത് സർക്കാർ

എട്ടുവർഷമായി കോർപ്പറേഷൻ മാലിന്യ സംസ്കരണം സംബന്ധിച്ച് തീരുമാനം എടുക്കാത്തതിനാലാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് സർക്കാർ ചുമതല ഏറ്റെടുത്തതെന്ന് മേയർ എം. അനിൽകുമാർ വിശദീകരിച്ചു. എട്ടു കേസുകളാണ് ഹരിത ട്രിബ്യൂണലിന് മുന്നിൽ കോർപ്പറേഷനെതിരായി എത്തിയത്. ബയോ മൈനിംഗിനായി കോർപ്പറേഷൻ ഫണ്ടിൽ നിന്ന് കൗൺസിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കില്ലെന്ന് മേയർ പറഞ്ഞു.
സംസ്ഥാന സർക്കാർ വാങ്ങി കോർപ്പറേഷന് നൽകിയ 100 ഏക്കർ ഭൂമിയാണ് ബ്രഹ്മപുരത്ത് ഉള്ളത്. ഇതിൽ നിന്ന് 20 ഏക്കർ കെ.എസ്.ഐ.ഡി.സിക്ക് ലീസിന് നൽകുമ്പോൾ അതിന്റെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടുകൊടുക്കും. ഒപ്പം മാലിന്യം പ്ലാന്റിൽ എത്തിക്കുന്ന ചെലവ് കമ്പനി ഏറ്റെടുക്കണമെന്ന ആവശ്യവും ഉന്നയിക്കും. ഭൂമി പണയപ്പെടുത്തുമ്പോൾ കോർപ്പറേഷനെ അറിയിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ബയോ മൈനിംഗിന്റെ വിശദാംശങ്ങളും സമ്മത പത്രവും കോർപ്പറേഷന് നൽകുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

 അഴിമതിയെന്ന് പ്രതിപക്ഷം
സോൺട ഇൻഫ്രാടെക് കമ്പനിയെ തിരഞ്ഞെടുത്തതിന് പിന്നിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ശമ്പളവും കരാറുകാരുടെ പണവും നൽകാൻ കഴിയാത്ത കോർപ്പറേഷൻ ബയോമൈനിംഗ് തുകയുടെ പകുതി എങ്ങനെ കണ്ടെത്തും. സർക്കാർ കോർപ്പറേഷന്റെ അധികാരം ഓരോന്നായി കവരുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അംഗങ്ങളായ വി.കെ.മിനിമോൾ,ദീപ്തി മേരി വർഗീസ് ബി.ജെ.പി കൗൺസിലർമാരായ സുധ ദിലീപ് കുമാർ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവരും പ്രവൃത്തിപരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകുന്നതിനെ വിമർശിച്ചു.